ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും റവയും; പ്രതിഷേധം

വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് മേപ്പാടി പഞ്ചായത്ത്‌ വിതരണം ചെയ്തതെന്നാണ് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയിരിക്കുന്നതെന്നും വസ്ത്രങ്ങൾ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

സംഭവത്തിൽ ഭക്ഷ്യസാധനങ്ങളുമായി ദുരന്തബാധിതർ പഞ്ചായത്തിലെത്തി പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്ത് ഉപരോധിക്കുകയാണ്. പുഴുവരിച്ച അരി ഉൾപ്പെടെ പഞ്ചായത്തിന് മുന്നിലിട്ടാണ് പ്രതിഷേധം. പഞ്ചായത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു.