‘കോടികള്‍ വാങ്ങുന്ന ഡോക്യുമെന്ററിയില്‍ പണം ആവശ്യപ്പെട്ടതില്‍ തെറ്റില്ല’; ധനുഷിന് പിന്തുണയുമായി ആരാധകര്‍

നയന്‍താര-ധനുഷ് പോര് സാമൂഹികമാധ്യമങ്ങളിലും ഏറ്റെടുത്ത് ആരാധകര്‍. നയന്‍താരയുടെ വിവാഹ ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന സിനിമയുടെ ബിഹൈന്‍ഡ് ദി സീന്‍ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദമാണ് സാമൂഹികമാധ്യമങ്ങളിലേക്കും പടര്‍ന്നിരിക്കുന്നത്. നയന്‍താരയെ അനുകൂലിച്ച് പ്രമുഖ നടിമാരടക്കം രംഗത്തെത്തിയപ്പോള്‍ I Stand with Dhanush എന്ന ഹാഷ്ടാഗുമായാണ് ധനുഷിനെ അനുകൂലിക്കുന്നവര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിച്ചത്. ധനുഷിന്റെ ആരാധകരെന്ന് അവകാശപ്പെടുന്നവരും സംഭവത്തില്‍ നയന്‍താരയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കോടികള്‍ വാങ്ങുന്ന ഡോക്യുമെന്ററിയില്‍ തന്റെ സിനിമയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ പണം ആവശ്യപ്പെട്ടതില്‍ നടന്റെ ഭാഗത്തെ തെറ്റില്ലെന്നാണ് നടനെ അനുകൂലിക്കുന്നവരുടെ നിലപാട്.

ധനുഷിനെതിരേ നയന്‍താര തുറന്ന കത്തെഴുതിയതിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിലും വിഷയം ചര്‍ച്ചയായത്. നയന്‍താരയുടെ കത്ത് വിവാദമായതോടെ പ്രമുഖ നടിമാരടക്കം താരത്തെ പിന്തുണച്ച് രംഗത്തെത്തി. നടിമാരായ പാര്‍വതി തിരുവോത്ത്, അനുപമ പരമേശ്വര്‍, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസന്‍, ദിയ മിര്‍സ, ശില്‍പ റാവു തുടങ്ങിയ നടിമാരാണ് താരത്തെ പിന്തുണച്ചത്.