കൊല്ലം: രാജ്യത്തെ ആദ്യത്തെ 24×7 ഓൺലൈൻ കോടതി കൊല്ലത്ത് . കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക. ദിവസവും 24 മണിക്കൂറും കേസ് ഫയൽ ചെയ്യാനാകും.

എവിടെയിരുന്നും ഏതുസമയത്തും കോടതി സംവിധാനത്തിൽ ഓൺലൈനായി കേസുകൾ ഫയൽ ഫയൽ ചെയ്യാനാകും. പേപ്പറിൽ കേസുകൾ ഫയൽ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്സൈറ്റിലൂടെ നിശ്ചിത ഫോറം ഓൺലൈനായി സമർപ്പിച്ചാണ് കേസ് ഫയൽ ചെയ്യേണ്ടത്. കക്ഷികളോ അഭിഭാഷകരോ കോടതിയിൽ ഹാജരാകേണ്ടതില്ല. കേസിന്റെ വാദവും വിചാരണയും കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓൺലൈനായാണ് നടക്കുക. കേസിലെ പ്രതികൾക്കുള്ള സമൻസ് അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് ഓൺലൈനായി അയയ്ക്കും. പ്രതിക്കും ജാമ്യക്കാർക്കും ജാമ്യാപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യമെടുക്കാനാകും. ഇതിനുള്ള രേഖകൾ അപ്ലോഡ് ചെയ്താൽ മാത്രം മതി. കോടതിയിൽ അടയ്ക്കേണ്ട ഫീസ് ഇ-പെയ്മെന്റ് വഴി അടയ്ക്കാം. കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ട് കോടതിനടപടികളിൽ പങ്കെടുക്കാം. കേസിന്റെ നടപടികൾ ആർക്കും പരിശോധിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.

























