മുയൽ കടിച്ചതിന് റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ടു; ആലപ്പുഴയിൽ ചികിത്സയിലിരുന്ന വയോധിക മരിച്ചു

ആലപ്പുഴ: വളർത്തുമുയലിന്റെ കടിയേറ്റതിനെത്തുടർന്ന് റാബീസ് വാക്‌സിൻ എടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തകഴി കല്ലേപ്പുറത്ത് ശാന്തമ്മ(63) ആണ് മരിച്ചത്. ഒക്ടോബർ 21 നായിരുന്നു മുയലിന്റെ കടിയേറ്റ ശാന്തമ്മ വണ്ടാനം മെഡിക്കൽ കോളേജിലെത്തി വാക്സിൻ എടുത്തത്. ടെസ്റ്റ് ഡോസ് എടുത്തപ്പോൾ അലർജി ഉണ്ടായിരുന്നു. എന്നാൽ മറുമരുന്ന് നൽകി വാക്സിൻ എടുക്കുകയായിരുന്നു. മൂന്ന് ഡോസ് വാക്‌സിനും എടുത്തതിന് പിന്നാലെ സാന്തമ്മ തളർന്നു വീഴുകയും ചലനശേഷിയും സംസാരശേഷിയും നഷ്ടമാകുകയും ചെയ്തിരുന്നു. 12 ദിവസത്തോളം വെന്റിലേറ്ററിലും തുടർന്ന് ഐസിയുവിലുമായിരുന്നു.

ടെസ്റ്റ് ഡോസിൽ തന്നെ അലർജിയുണ്ടായിട്ടും, അത് ​ഗൗരവത്തിലെടുക്കാതെ മൂന്ന് വാക്സിനും എടുത്തെന്നായിരുന്നു ആശുപത്രി അധികൃതർക്കെതിരെ കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ശാന്തമ്മയുടെ മകൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ശാന്തമ്മയുടെ ചെറുമകൾ അടുത്തിടെയാണ് മരിച്ചത്. മുത്തച്ഛൻ എലിയെ പിടിക്കാനായി വിഷം പുരട്ടി കെണി വെച്ച തേങ്ങാപ്പൂൾ അബദ്ധത്തിൽ കഴിച്ചാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ചെറുമകൾ മരിച്ചത്. ശാന്തമ്മയെ പരിചരിക്കാനായി വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്താണ് കുട്ടി അബദ്ധത്തിൽ എലിവിഷം പുരണ്ട തേങ്ങാപ്പൂൾ കഴിച്ചത്. ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.