കൊച്ചി: ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ. വാർത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാർഗ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശുപാർശകൾ സഹിതം ഇക്കാര്യം സർക്കാരിന് സമർപ്പിച്ചു. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകൾ സ്ത്രീപദവിയുടെയും അതിന്റെ മാന്യതയുടെയും മുൻപിൽ അപ്രസക്തമാണ്.

‘വളയിട്ട കൈകളിൽ വളയം ഭദ്രം’ പോലെ ഏത് തൊഴിലായാലും സ്ത്രീകൾ രംഗത്തേക്ക് വരുമ്പോൾ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകൾ ഒഴിവാക്കുക. സ്ത്രീകൾ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങൾ കുഴപ്പത്തിലാകുമ്പോൾ ‘പെൺബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോഗം, ‘അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്ന് വായനക്കാരെ തോന്നിപ്പിക്കുന്നതരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണം. സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കാൻ രഹസ്യമായി പുറപ്പെടുന്ന ‘ഒളിച്ചോട്ട’ വാർത്തകളിൽ ‘രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടി’ എന്ന രീതിയിൽ സ്ത്രീയുടെ മുകളിൽ അടിച്ചേൽപ്പിക്കുന്ന തരം വാർത്താ തലക്കെട്ടുകളും മാറ്റണം. പാചകം, വൃത്തിയാക്കൽ, ശിശുസംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണവും ശരിയല്ല.


‘സെക്‌സി ഷറപ്പോവ’ പോലെ ലൈംഗികച്ചുവയുള്ള തലക്കെട്ടുകളും ഒഴിവാക്കണം. ലിംഗസമത്വത്തിലധിഷ്ഠിതമായ മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇത് ലഭ്യമാക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഭാഷാവിദഗ്ധർ, ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്ധർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറു മാസത്തിനകം പുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്ധർ കഴിയാവുന്നത്ര സ്ത്രീകൾ ആയിരിക്കണമെന്നും ശുപാർശയിൽ പറയുന്നുണ്ട്.























