‘മുന്നോട്ടുപോകാൻ ഭർത്താവിന്റെ പിന്തുണ’: നടന്മാർക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് നടി

കൊച്ചി : മുകേഷ്, ജയസൂര്യ ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പരാതികൾ പിൻവലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി. കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും നടി മാധ്യമങ്ങളോട് വ്യക്തമാക്കി. വെള്ളിയാഴ്ചയാണു കേസുകൾ പിൻവലിക്കുമെന്നു നടി പ്രഖ്യാപിച്ചത്.

ബന്ധുവായ യുവതി നൽകിയ പോക്സോ കേസിൽ പൊലീസ് സഹായിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റമെന്ന പ്രഖ്യാപനം. എന്നാൽ പ്രതികരണം വൈകാരികമായിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകാൻ ഭർത്താവ് ഉൾപ്പെടെ ആവശ്യപ്പെട്ടുവെന്നും നടി വിശദീകരിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു ഉൾപ്പെടെയുള്ള ഏഴുപേർക്കെതിരെയാണ് പരാതി നൽകിയത്. പരാതികളിൽ കേസ് റജിസ്റ്റർ ചെയ്ത പ്രത്യേക അന്വേഷണസംഘം നടിയുടെ രഹസ്യമൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയിരുന്നു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കവേയാണ് കഴിഞ്ഞ ദിവസം പരാതികൾ പിൻവലിക്കുന്നുവെന്ന് നടി പറഞ്ഞത്.