കണ്ണൂർ: വളപട്ടണത്ത് വൻകവർച്ച. ആളില്ലാത്ത സമയത്ത് അരിമൊത്ത വ്യാപാരി കെ പി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്.

ഇന്നലെ രാത്രിയാണ് വീട്ടുകാർ മോഷണ വിവരം അറിയുന്നത്. മധുരയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിന് പോയതാണ് അഷ്‌റഫും കുടുംബവും. വീട്ടുകാർ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ലോക്കറിൽ ഉണ്ടായിരുന്ന പണവും സ്വർണവുമാണ് കവർന്നത്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രിൽ മുറിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നിരിക്കുന്നത്. കുടുംബം നൽകിയ പരാതിയിൽ വളപട്ടണം പൊലീസ് ഇന്നലെ രാത്രി മുതൽ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഡോഗ് സ്‌ക്വാഡിനെയും വിരലടയാള വിദഗ്ധരെയും വീട്ടിലെത്തിച്ച് അന്വേഷണം ഊർജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീട്ടിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കൾ മതിൽ ചാടി കിടക്കുന്നത് ഇതിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമല്ല എന്നാണ് വിവരം.

























