എസ്.എസ്.രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ തുടർച്ചയായ ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ എന്ന വെബ് സീരീസിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധ നേടിയിരുന്നു. ബാഹുബലിയിലെ രാജമാത ശിവകാമി ദേവി എന്ന കഥാപാത്രത്തിന്റെ പൂർവ്വ കഥയായിരുന്നു സീരീസിന്റെ പ്രമേയം. മൃണാൽ താക്കൂറിനെ നായികയാക്കിയാണ് ആദ്യം സീരീസ് പ്രഖ്യാപിച്ചത്. പിന്നീട് അവരെ മാറ്റി വമീഖ ഗബ്ബിയെ പ്രധാനകഥാപാത്രമാക്കി. ആനന്ദ് നീലകണ്ഠന്റെ ‘ദി റൈസ് ഓഫ് ശിവകാമി’ എന്ന നോവലിനെ ആസ്പദമാക്കി ദേവ കട്ടയാണ് സീരീസ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.

2018 ലായിരുന്നു സീരീസിന്റെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ ആറ് വർഷങ്ങൾ കഴിഞ്ഞിട്ടും റിലീസ് സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. രണ്ട് വർഷത്തോളം ചിത്രീകരിച്ചുവെങ്കിലും പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്‌ലിക്‌സ് സീരീസ് ഉപേക്ഷിച്ചുവെന്നും താൻ ഈ പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നുവെന്നും നടൻ ബിജയ് ആനന്ദ് പറയുന്നു. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.


‘ഇതൊരു സാധാരണ നെറ്റ്ഫ്‌ലിക്‌സ് ഷോയാണെന്നാണ് ഞാൻ കരുതിയത്. അതിനാൽ ആദ്യം വേണ്ടെന്നാണ് വച്ചത്. സിനിമകൾ ചെയ്യാനായിരുന്നു എന്റെ ആഗ്രഹം. എന്നാൽ എന്നോട് തീരുമാനം പുന:പരിശോധിക്കണമെന്ന് കരൺ കുന്ദ്ര അഭ്യർത്ഥിച്ചു. അങ്ങനെ ആ സീരീസ് തിരഞ്ഞെടുക്കുകയും ഹൈദരാബാദിൽ രണ്ട് വർഷം ചിത്രീകരിക്കുകയും ചെയ്തു. പ്രിവ്യൂ ഷോ കണ്ടപ്പോൾ നെറ്റ്ഫ്‌ലിക്‌സ് അതുപേക്ഷിക്കാൻ തീരുമാനിച്ചു. അത് ഇറങ്ങിയിരുന്നെങ്കിൽ ബാഹുബലിയിലെ മൂന്നാമത്തെ പ്രൊഡക്ഷനാകുമായിരുന്നു അത്. വളരെ വലിയ ഒരു ഷോ ആയിരുന്നു. ഇതിനായി 80 കോടി രൂപ ചെലവഴിച്ചതായാണ് വിവരം – ബിജയ് ആനന്ദ് പറഞ്ഞു.























