ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെൻററി വിവാദവുമായി ബന്ധപ്പെട്ട് നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തു. നയൻതാര പകർപ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. ധനുഷിൻറെ ഹർജി ഫയലിൽ സ്വീകരിച്ചു. ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെൻററിക്കായി ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ നയൻ താരയുടെ ജന്മദിനമായ നവംബർ 18ന് ഡോക്യുമെൻററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ധനുഷ്- നയൻതാര വിവാദങ്ങൾക്ക് കാരണമായ ‘നാനും റൗഡി താൻ ‘സിനിമയുടെ അണിയറദൃശ്യങ്ങളും ഡോക്യുമെൻറിയിൽ ഉൾപ്പെടുത്തിയിരുന്നു. സെറ്റിൽ വിഘ്നേഷ് താരങ്ങൾക്ക് നിർദേശം നൽകുന്നതും നയൻതാരയോട് സംസാരിക്കുന്നതും ഡോക്യൂമെൻററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൻറെ ബിടിഎസ് ദൃശ്യങ്ങളും നിർമാതാവിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നേരത്തെ നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.


ഇക്കഴിഞ്ഞ നവംബർ 16ന് ആണ് ധനുഷിനെതിരെ നയൻതാര പരസ്യമായി രംഗത്ത് എത്തിയത്. നാനും റൗഡി താൻ എന്ന സിനിമയിൽ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാൻ ധനുഷ് എൻഒസി നൽകിയില്ലെന്നാണ് നയൻതാര ആരോപിച്ചത്. ചിത്രത്തിൻറെ മൂന്ന് സെക്കൻറ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങൾക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര പറഞ്ഞിരുന്നു.
നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയിൽ ഡോക്യുമെൻററി ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്തത്.
2022ൽ ആയിരുന്നു വിഘ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. 2015ൽ റിലീസ് ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലാണ് വിഘ്നേഷും നയൻസും ഒന്നിച്ചത്. ഇവിടെ വച്ച് ഇരുവരും പ്രണയത്തിൽ ആകുകയായിരുന്നു. 2022 ഒക്ടോബറിൽ വാടക ഗർഭധാരണത്തിലൂടെ ഉലഗം, ഉയിർ എന്നീ ഇരട്ട കുട്ടികളെ ഈ ദമ്പതികൾക്ക് ലഭിക്കുകയും ചെയ്തിരുന്നു.























