ചെന്നൈ: നെറ്റ്ഫിക്ല്സ് ഡോക്യുമെൻററി തർക്കത്തിൽ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തിരിക്കുന്ന സമയത്ത് നയൻതാര പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറി ശ്രദ്ധേയമാകുന്നു. ധനുഷുമായുള്ള വിവാദം തന്നെയാണ് ഈ കുറിപ്പിലൂടെ നയൻതാര ഉദ്ദേശിക്കുന്നത് എന്നാണ് സൂചന “നിങ്ങൾ ഒരാളുടെ ജീവിതം നുണ പറഞ്ഞ് നശിപ്പിക്കുമ്പോൾ, അത് ലോണായി കാണക്കാക്കുക, അത് നിങ്ങൾക്ക് പലിശ സഹിതം തിരികെ കിട്ടും” അത് ലോണായി കാണക്കാക്കുക എന്ന ഭാഗം പ്രത്യേകം അടിവരയിട്ടാണ് നയൻതാര പോസ്റ്റ് ചെയ്തിരിക്കുന്നത്.

നയൻതാരയ്ക്കെതിരെ ധനുഷ് കോടതി വഴി നിയമനടപടി തുടങ്ങിയതിന് പിന്നാലെ ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിരുന്നില്ല. അതേ സമയം നേരത്തെ ധനുഷ് അയച്ച വക്കീൽ നോട്ടീസിന് നയൻതാര നൽകിയ മറുപടി ഇപ്പോൾ ഓൺലൈനിൽ വൈറലായിട്ടുണ്ട്.


പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെ വക്കീൽ വക്കീൽ നോട്ടീസിന് മറുപടി നൽകിയത്. നയൻതാരയെയും വിഘ്നേഷിനെയും അവരുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്സ് ചേമ്പേഴ്സിൻറെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നൽകിയിരിക്കുന്നത്. ഡോക്യുമെൻററിയിലെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ ബിഹൈൻറ് ദ സീൻ രംഗങ്ങൾ അല്ലെന്നാണ് നയൻതാര വാദിക്കുന്നത്.
എന്നാൽ ഈ മറുപടിയിൽ തൃപ്തിയില്ലാതെയാണ് ധനുഷ് ഇപ്പോൾ ദ്രാസ് ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തിരിക്കുന്നത്.























