മലപ്പുറം: എടപ്പാളിൽ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ ഷൈൻ ടോം ചാക്കോയെ കണ്ട് പേടിച്ച് ബൈക്കില്‍നിന്ന് വീണ് യുവാവിന് പരിക്ക്. പൊലീസ് വേഷത്തിൽ നില്‍ക്കുന്ന ഷൈൻ ടോം ചാക്കോയെ കണ്ട് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. പരിശോധന ഭയന്ന് പെട്ടെന്ന് യുവാവ് ബൈക്കിന്റെ ബ്രേക്ക് പിടിക്കുകയായിരുന്നു. നിസാരമായി പരിക്കേറ്റ യുവാവിനെ ഷൈനും അണിയറപ്രവർത്തകരും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ ഷൈൻ ടോം ചാക്കോയുടെ സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. മഴ പെയ്തതിനാൽ റോഡിൽ വെള്ളമുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതോടെ യുവാവ് തെന്നിവീഴുകയായിരുന്നു. ഈ സമയത്താണ് വാഹനം അപകടത്തിൽപ്പെടുന്ന സാഹചര്യം ഉണ്ടായത്. ഉടൻ തന്നെ ഷൈൻ ടോം ചാക്കോയും സമീപവാസികളും ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനകൾക്ക് ശേഷം യുവാവിനൊപ്പം സെൽഫിയും എടുത്താണ് ഷൈൻ ടോം ചാക്കോ ലൊക്കേഷനിലേക്ക് മടങ്ങിയത്.

























