കണ്ണൂർ: വളപട്ടണത്തെ വൻ കവർച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. അയൽവാസിയായ ലിജീഷ് ആണ് പിടിയിലായത്. കഴിഞ്ഞ മാസം 20നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും മൂന്നൂറ് പവനും മോഷണം പോയത്. അഷ്റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് വീട്ടിൽ കവർച്ച നടന്നത്.

മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതി പൊലീസിന്റെ കസ്റ്റഡിയിലായത്. കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു. കവർച്ച നടത്തി തൊട്ടടുത്ത ദിവസവും കള്ളൻ ഇതേവീട്ടിൽ കയറിയതിന്റെസിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കവർച്ചയ്ക്ക് പിന്നിൽ പ്രൊഫഷണൽ സംഘമല്ലെന്ന നിഗമനത്തിലെത്തിയിരുന്നു. സുഹൃത്തുക്കളുടെ ഉൾപ്പെടെ ഫോൺ കോളുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയായ ലിജീഷിലേക്കെത്തുന്നത്. ഇയാളുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജീഷ് അഷ്റഫിന്റെ വീട്ടിലെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കവർച്ച നടത്തിയത് താൻ തന്നെയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നിന്ന് മോഷണം പോയ ഒരു കോടി രൂപയും മൂന്നൂറ് പവനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.


കഴിഞ്ഞമാസം 19ന് വീടുപൂട്ടി മധുരയിൽ കല്യാണത്തിനു പോയ അഷ്റഫും കുടുംബവും 24നു രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.























