ശബരിമല: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാനന പാതകളിലൂടെയുള്ള ശബരിമല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. വണ്ടിപെരിയാർ സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർഥാടനത്തിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മോശം കാലാവസ്ഥ പരിഗണിച്ചാണ് ഹൈക്കോടി ഉത്തരവ്. ഇനിയൊരു ഉത്തരവുണ്ടാകും വരെ ഇതുവഴി തീർത്ഥാടനം പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതിശക്തമായ മഴ തുടരുന്നതിനാൽ എരുമേലി- മുക്കുഴി വഴിയും സത്രക്കടവ് – പുല്ലുമേട് വഴിയുമുള്ള യാത്രകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തി ഇടുക്കി ജില്ലാ കലക്ടർ വി. വിഗ്നേശ്വരി ഉത്തരവിറക്കിയിരുന്നു. നിരോധനം സംബന്ധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ വനം വകുപ്പിനും പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചിരുന്നു. പമ്പാ സ്നാനവും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നത് വരെയാണ് നിരോധനം. തീർഥാടകരുടെ സുരക്ഷ മുൻനിർത്തിയാണ് താൽക്കാലിക നിരോധനം. പ്രതികൂല കാലാവസ്ഥ മൂലം ഇതര സംസ്ഥാന തീർത്ഥാടകരുടെ വരവിൽ ഉണ്ടായ കുറവ് തിരക്ക് കുറയാൻ ഇടയാക്കിയിട്ടുണ്ട്.

























