കാർ വന്നത് അമിതവേഗത്തിൽ; പഴക്കവും പരിചയക്കുറവും അപകടത്തിന് കാരണമായി; ആർടിഒ

ആലപ്പുഴ: കളർകോട് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കാർ വാടകയ്ക്ക് നൽകിയത് അനധികൃതമായെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ. വാഹനത്തിന്റെ പഴക്കവും കനത്ത മഴ കാരണം കാഴ്ച മങ്ങിയതും അപകടത്തിന് കാരണമായതായും ആർടിഒ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിന്റെ വിശദമായ റിപ്പോർട്ട് ഇന്ന് ജില്ലാ കലക്ടർക്ക് സമർപ്പിക്കും.

വാഹനത്തിന്റെ അമിത വേഗം അപകടത്തിന് കാരണമായിട്ടുണ്ടെന്ന് ആർടിഒ പറഞ്ഞു. വാഹനം വളരെ സ്പീഡിലായിരുന്നു എന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ പഴയ വണ്ടിയാണെന്നതും അപകടത്തിന് കാരണമായി. വാഹനം ഓടിച്ച ആളുടെ പരിചയക്കുറവും ഒരു കാരണമാണ്. ഡ്രൈവർക്ക് ലൈസൻസ് ലഭിച്ചിട്ട് അഞ്ചുമാസമേ ആയിട്ടുള്ളു. ഏഴ് പേർക്ക് ഇരിക്കാവുന്ന വാഹനത്തിൽ പതിനൊന്നുപേർ കയറിയതും അപകടത്തിന്റെ ആക്കം കൂട്ടിയതായി ആർടിഒ പറഞ്ഞു.

പെർമിറ്റലധികം ആളുകൾ ഉണ്ടായാൽ വാഹനം നിയന്ത്രിക്കുക എളുപ്പമല്ല. വാഹനം ഫെയ്‌സ് ടു ഫെയ്‌സ് ആണ് ഇടിച്ചിരുന്നതെങ്കിൽ ഇത്ര പേർ മരിക്കാൻ ഇടയാകുമായിരുന്നില്ല. എയർ ബാഗ് ഉണ്ടെങ്കിലും ഇടിയുടെ ആഘാതത്തിൽ അത് തകർന്നുപോകുമായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന് തകരാർ ഉണ്ടായിരുന്നില്ലെന്നും മഴയത്ത് പെട്ടന്ന് ബ്രേക്കിട്ടതും അപകടത്തിന് കാരണമായതായി ആർടിഒ പറഞ്ഞു.

ഇന്നലെ രാത്രി 9.20 ഓടെ കെഎസ്ആർടി ബസിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർഥികളാണ് മരിച്ചത്. ആലപ്പുഴ ഗവ മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ മലപ്പുറം കോട്ടയ്ക്കൽ ശ്രീവർഷത്തിൽ ദേവനന്ദൻ(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറിൽ ശ്രീദേവ് വൽസൻ (19), കോട്ടയം ചേന്നാട് കരിങ്കുഴിക്കൽ ആയുഷ് ഷാജി (19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പിപി മുഹമ്മദ് ഇബ്രാഹിം (19), കണ്ണൂർ വെങ്ങര പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (19) എന്നിവരാണു മരിച്ചത്. 6 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്.