കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ വനംവകുപ്പ് കേസെടുത്തു. ഹൈക്കോടതി മാർഗനിർദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രം ഭരണസമിതിക്കെതിരെയാണ് കേസെടുത്തത്. വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് കേസ് രജിസ്റ്റർ ചെയ്തത്. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലവും ആനകളും ആളുകളും തമ്മിൽ എട്ടു മീറ്റർ അകലവും പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ ഈ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

മഴ മൂലമാണ് മാർഗനിർദേശപ്രകാരമുള്ള അകലം പാലിക്കാനാകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. വൃശ്ചികോത്സവത്തിന്റെ ആദ്യ ദിവസം രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി അളന്ന് തിട്ടപ്പെടുത്തിയതു പ്രകാരം നിശ്ചിത അകലത്തിലായിരുന്നു രാവിലെ കാഴ്ച ശീവേലി അടക്കം നടന്നത്. രണ്ടു നിരയായിട്ടായിരുന്നു ആനകളെ നിർത്തിയിരുന്നത്. വൃശ്ചികോത്സവത്തിന് 15 ആനകളെയാണ് എഴുന്നള്ളിക്കുന്നത്. ഉത്സവത്തിനായി ആനകളുടെ അകലം അടക്കമുള്ള മാർഗരേഖയിൽ ഇളവു തേടി ദേവസ്വം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവ് അനുവദിച്ചിരുന്നില്ല.

























