പ്രേം കുമാറിന്റെ എൻഡോസൾഫാൻ പരാമർശം കൈയടിക്ക് വേണ്ടി ; ടെലിവിഷൻ ആർസ്റ്റുകളുടെ സംഘടന ആത്മ

ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേം കുമാറിന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ടെലിവിഷൻ ആർടിസ്റ്റുകളുടെ സംഘടനയായ ആത്മ. മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെയാണെന്ന പ്രേം കുമാറിന്റെ പരാമർശത്തിനെതിരെയാണ് വിമർശനം. ഏത് ചാനലിൽ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പ്രേം കുമാർ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ആത്മ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കുന്ന പ്രേം കുമാർ സീരിയലുകളുടെ ഉള്ളടക്കത്തിൽ എന്തെങ്കിലും ഗുരുതര പ്രശ്‌നങ്ങള് കണ്ടെത്തിയാൽ നടപടിയെടുക്കാൻ ബാധ്യസ്ഥനാണെന്ന് ആത്മ ചൂണ്ടിക്കാട്ടുന്നു.

സീരിയൽ പ്രവർത്തകരെ വിളിച്ചുവരുത്തി കുഴപ്പങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ കൈയടിയ്ക്ക് വേണ്ടി പ്രസ്താവനകൾ നടത്തുന്നച് അംഗീകരിക്കാൻ കഴിയില്ലെന്നാണ് ആത്മയുടെ വിമർശനം. പ്രേം കുമാറിന് ആത്മാർത്ഥതയുണ്ടെങ്കിൽ തന്റെ പ്രസ്താനയ്ക്ക് കാരണമായ പശ്ചാത്തലം കൃത്യമായി വിശദീകരിക്കണമെന്നും ആത്മ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു പ്രേം കുമാറിന്റെ പരാമർശം വിവാദമായത്. ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പ്രേം കുമാർ പറഞ്ഞു. എന്നാൽ എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേം കുമാർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നിരവധി സീരിയൽ, സിനിമാ താരങ്ങളാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്.