‘ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ പറഞ്ഞത് അനുസരിച്ചില്ല, ഭാര്യയെ കൊ*ന്നതിൽ ഒരു വിഷമവുമില്ല; പത്മരാജൻ പൊലീസിനോട്

കൊല്ലം: കൊല്ലം ചെമ്മാൻമുക്കിൽ ഭാര്യ അനിലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ കാരണം സംശയരോഗമെന്ന് പൊലീസ് എഫ്‌ഐആർ. അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം ഭർത്താവ് പത്മരാജൻ എതിർത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് എഫ്‌ഐആർ പറയുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദത്തിലുള്ള വൈരാഗ്യമാണ് കൊല നടത്താൻ കാരണമായതെന്ന് പത്മരാജൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയതിൽ തനിക്ക് യാതൊരു മാനസിക പ്രയാസവുമില്ല. 14 വയസ്സുള്ള മകളെ ഓർത്തു മാത്രമാണ് വിഷമം ഉള്ളതെന്ന് പത്മരാജൻ പൊലീസിനോട് പറഞ്ഞു. ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാൻ പത്മരാജൻ പലതവണ അനിലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനില ഇതു കൂട്ടാക്കിയില്ല. ഈ വിഷയത്തിൽ ഹനീഷും പത്മരാജനും തമ്മിൽ ബേക്കറിയിൽ വെച്ച് അടിപിടിയുണ്ടായി. ഭാര്യയുടെ മുന്നിൽ വെച്ച് ഹനീഷ് തന്നെ മർദ്ദിച്ചപ്പോഴും അനില പിടിച്ചു മാറ്റാൻ പോലും തയ്യാറായില്ല. ഇത് വളരെ മാനസിക പ്രയാസമുണ്ടാക്കിയെന്നും പത്മരാജൻ പറഞ്ഞു. മർദ്ദനമേറ്റ പാടുകളും ഇയാൾ പൊലീസിനെ കാട്ടിക്കൊടുത്തു.

ചെമ്മാൻമുക്കിൽ ഇന്നലെ രാത്രി എട്ടേമുക്കാലോടെയായിരുന്നു സംഭവം. ബേക്കറി അടച്ച് അനില കാറിൽ വരുമ്പോൾ, പിന്നാലെ ഓംനി വാനിൽ പത്മരാജൻ പിന്തുടരുകയായിരുന്നു. ചെമ്മാൻമുക്കിലെത്തിയപ്പോൾ വാൻ കാറിന്റെ മുൻവശത്ത് ഇടിച്ചു നിർത്തിയശേഷം വാനിൽ ഇരുന്നുകൊണ്ടു തന്നെ ബക്കറ്റിൽ കരുതിയിരുന്ന പെട്രോൾ കാറിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അനിലയാണ് കാർ ഓടിച്ചിരുന്നത്. ഇറങ്ങി ഓടാൻ കഴിയാത്തവിധം കാറിനുള്ളിൽ കുടുങ്ങിപ്പോയ അനില വെന്തുമരിച്ചു.

കാറിൽ ഒപ്പമുണ്ടായിരുന്ന ബേക്കറി ജീവനക്കാരൻ സോണി കാർതുറന്ന് പുറത്തേക്ക് ഓടിയതിനാൽ രക്ഷപ്പെട്ടു. ദേഹത്ത് പൊള്ളലേറ്റ സോണി ചികിത്സയിലാണ്. ആക്രമണത്തിനിടെ വാനിലേക്കും തീ പടർന്ന് പത്മരാജനും പൊള്ളലേറ്റിരുന്നു. പരിക്കേറ്റ ഇയാൾ ഓട്ടോറിക്ഷയിൽ കയറി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കാറ്ററിങ് ബിസിനസ് ചെയ്യുന്ന പത്മരാജന്റെ രണ്ടാം വിവാഹമാണിത്. ആക്രമണം മുൻകൂട്ടി പ്ലാൻ ചെയ്ത പത്മരാജൻ, കാറുമായി അനില വരുന്നതും നിരീക്ഷിച്ച് ഓംനി വാനിൽ കാത്തു കിടക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

നവംബർ ആറിനാണ് നിള എന്ന പേരിൽ അനില ബേക്കറി ആരംഭിക്കുന്നത്. ഇതിനായി പത്മരാജനും 35,000 രൂപയോളം മുടക്കിയിരുന്നു. പട്ടത്താനം സ്വദേശി ഹനീഷ് ലാലും ബേക്കറിയിൽ പണം മുടക്കിയിട്ടുണ്ട്. ഹനീഷ് നിരന്തരം ബേക്കറിയിൽ വരുന്നതിനെച്ചൊല്ലി അനിലയും പത്മരാജനും തമ്മിൽ വഴക്കുണ്ടായിട്ടുണ്ട്. ഹനീഷും പത്മരാജനും തമ്മിൽ അടിപിടിയും ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് ദിവസങ്ങളോളം വീട്ടിലേക്ക് പോകാതെ അനില ചെമ്മാൻമുക്കിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നു.ഹനീഷ് മുടക്കിയ 1,49,000 രൂപ തിരികെ കൊടുക്കാൻ ഇന്നലെ കൊട്ടിയത്ത് പൊതു പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. ഈ പണം പത്മരാജൻ നൽകണമെന്ന് അനില പറഞ്ഞതിനെച്ചൊല്ലിയും വഴക്കുണ്ടായി. അനിലയ്‌ക്കൊപ്പം മുമ്പും ഹനീഷിനെ കാറിൽ പത്മരാജൻ കണ്ടിട്ടുണ്ട്. അതുപോലെ ഇന്നലെയും ഹനീഷ് ഒപ്പമുണ്ടാകുമെന്നാണ് കരുതിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. എന്നാൽ കാറിന് പിന്നിൽ ബൈക്കിലായിരുന്നു ഹനീഷ് വന്നിരുന്നത്. തഴുത്തലയിൽ നിന്നാണ് 300 രൂപയ്ക്ക് പത്മരാജൻ പെട്രോൾ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.