പത്രവാർത്തയിൽ പ്രതിയുടെ ഫോട്ടോയിൽ നടൻ മണികണ്ഠന്റെ പടം; പരാതിയുമായി താരം

അനധികൃധ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പത്ര വാർത്തയിൽ തന്റെ ഫോട്ടോ മാറി നൽകിയതിനെതിരെ പരാതിയുമായി നടൻ മണികണ്ഠൻ രാജൻ. പത്രത്തിൽ തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മണികണ്ഠൻ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്. ‘അനധികൃത സ്വത്ത് സമ്പാദനക്കേസ്: നടൻ മണികണ്ഠന് സസ്‌പെൻഷൻ’ എന്ന വാർത്തയിലാണ് നടൻ മണികണ്ഠൻ ആചാരിയുടെ ചിത്രം നൽകിയിരിക്കുന്നത്. മലപ്പുറം എഡിഷനിലെ വാർത്തയിലായിരുന്നു ഇത്. കെ.മണികണ്ഠന് പകരം നൽകിയത് മണികണ്ഠൻ ആചാരിയുടെ ചിത്രമാണ്.

വേണ്ടത്ര ശ്രദ്ധയില്ലാതെ വാർത്ത നൽകിയത്തിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമുയർന്നിരുന്നു. അതിനു പിന്നാലെയാണ് മണികണ്ഠൻ ആചാരി പത്രത്തിനെതിരെ രംഗത്തെത്തിയത്.

ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങൾ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവർക്ക് വിളിക്കാൻ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന് -മണികണ്ഠൻ പറഞ്ഞു.

അയാൾ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കിൽ എന്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടുമെന്ന് അറിയില്ല. നിയമപരമായി മുന്നോട്ടുപോകും. ജീവിതത്തിൽ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല.

അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തിൽ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കിത്തന്നവർക്ക് ഒരിക്കൽ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നുവെന്ന് വിഡിയോ സന്ദേശത്തിൽ മണികണ്ഠൻ പറഞ്ഞു.