കാളിദാസ്- തരിണി വിവാഹം ഡിസംബർ എട്ടിന് ഗുരുവായൂരിൽ

നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാളിദാസിന്റെ സുഹൃത്തും മോഡലുമായ തരിണി കലിംഗരായരാണ് വധു. ഡിസംബർ എട്ടിന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. വിവാഹ ഒരുക്കങ്ങൾ താരകുടുംബത്തിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ പ്രി വെഡ്ഡിങ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിനിടെ കാളിദാസിന്റെ പിതാവും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്.

‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അത് പൂർത്തിയാകുന്ന ഒരു ദിവസമാണിന്ന്. കലിംഗരായർ ഫാമിലിയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ആ ജമീൻ കുടുംബത്തിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നത് ദൈവത്തിന്റെ പുണ്യമാണ്, അതിന് ദൈവത്തിന് നന്ദി പറയുന്നു. മരുമകൾ എന്ന് പറയില്ല, എന്റെ മകൾ തന്നെയാണ്. എന്റെ വീടിന് അവൾ മരുമകളല്ല, മകൾ തന്നെയാണ്. ഗുരുവായൂരിൽ വച്ചാണ് വിവാഹം. എട്ടാം തിയതി’-പ്രി വെഡ്ഡിങ് ചടങ്ങിൽ ജയറാം പറഞ്ഞു.