താരദമ്പതിമാരായ ജയറാമിന്റേയും പാർവതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂർത്തത്തിലായിരുന്നു വിവാഹം. മോഡലായ താരിണി കലിംഗരായർ ആണ് വധു. മന്ത്രി മുഹമ്മദ് റിയാസ്, സുരേഷ് ഗോപി, ഗോകുൽ സുരേഷ് ഉൾപ്പടെ ചലച്ചിത്ര രാഷ്ട്രീയ രംഗത്തെ പ്രശസ്തർ കല്യാണത്തിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസം ചെന്നൈയിൽ വച്ച് സുഹൃത്തുക്കൾക്കും മാധ്യമ സുഹൃത്തുക്കൾക്കുമായി പ്രി വെഡ്ഡിങ് ഇവന്റ് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ ആയിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടേതും പ്രണയ വിവാഹമാണ്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരിൽ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. ലണ്ടനിൽ ഉദ്യോഗസ്ഥൻ ആയ നവ്നീത് ഗിരീഷ് ആണ് ഭർത്താവ്. വിവാഹശേഷം ലണ്ടനിൽ ആയിരുന്നു മാളവിക.

























