പാർവതിയെ താലി ചാർത്തിയ അതേ നടയിൽ വച്ച് കണ്ണന്റെ വിവാഹവും; വൈകാരികമായി പ്രതികരിച്ച് ജയറാം

മകൻ കാളിദാസിന്റെ വിവാഹദിനത്തിൽ സന്തോഷം പങ്കിട്ട് നടൻ ജയറാം. 32 വർഷം മുൻപ് താൻ പാർവതിയെ താലി ചാർത്തിയ അതേ നടയിൽ വച്ച് മകൻ കാളിദാസും വിവാഹിതനായത് ഭാഗ്യമായി കരുതുന്നുവെന്ന് ജയറാം പറഞ്ഞു. അന്ന് തന്റെ വിവാഹം കാണാൻ ആളുകളെത്തിയ പോലെ കാളിദാസിന്റെയും വിവാഹദിനത്തിൽ ഒരുപാടു പേരെത്തി. ഈ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല, നിറകണ്ണുകളോടെ ജയറാം പറഞ്ഞു.
കാളിദാസിന്റെ വിവാഹത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു താരം.

“ഞങ്ങളുടെ സന്തോഷം എത്രമാത്രം ആണെന്നത് വാക്കുകളിൽ പറഞ്ഞു ഫലിപ്പിക്കാൻ ബുദ്ധിമുട്ടാണ്. 1992 സെപ്റ്റംബർ ഏഴാം തിയ്യതി അശ്വതി (പാർവതി)യുടെ കഴുത്തിൽ ഗുരുവായൂരപ്പന്റെ മുമ്പിൽവെച്ച് താലി ചാർത്താൻ ഭാഗ്യമുണ്ടായി. അന്ന് ഞങ്ങൾ രണ്ടുപേരും ഒതുങ്ങുന്ന കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തി, കണ്ണൻ. പിന്നീട് ചക്കി മോളെത്തി. ഇപ്പോൾ രണ്ട് അതിഥികൾ കൂടി ഞങ്ങളുടെ കൂടെയുണ്ട്. ഒരു മോനും മോളും. ഞങ്ങൾക്ക് അവര് മരുമകനും മരുമകളുമല്ല. മകനും മകളുമാണ്.” “അത്രയധികം സന്തോഷം. പ്രത്യേകിച്ച് ഗുരുവായൂരപ്പന്റെ മുമ്പിൽവെച്ച് കണ്ണന് താരൂന്റെ കഴുത്തിൽ താലിചാർത്താനായതിൽ സന്തോഷം. ആളുകളുടെ പങ്കാളിത്തം പ്രത്യേകിച്ച് എല്ലാവരുടേയും പിന്തുണ പറഞ്ഞറിയിക്കാനാകാത്തതാണ്. കേരളത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ കൂടിയതുപോലെ മകന്റേയും മകളുടേയും കല്ല്യാണത്തിനും എത്തിയതിൽ ഒരുപാട് സന്തോഷം. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. അവരുടെ പ്രാർഥന ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. അതു തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം,” ജയറാം പറഞ്ഞു.