വീട്ടമ്മ ജീവനൊ*ടുക്കിയ സംഭവം: റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും ഒളിവിൽ

കൊച്ചി: പറവൂരിൽ പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു കേസെടുക്കും. വീടിനു സമീപത്തെ പുഴയിൽ ചാടി ജീവനൊടുക്കിയ ആശ ബെന്നി (42)യുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ആശ ബെന്നി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രദീപിനും ബിന്ദുവും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ ഉച്ചയോടെയാണ് പുഴയിൽ ചാടി ആശ ബെന്നി ജീവനൊടുക്കിയത്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും അയൽവാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂർ പൊലീസ് സ്റ്റേഷനിൽ വെച്ചുപോലും ബിന്ദുവിൽ നിന്നും ഭർത്താവിൽ നിന്നും ഭീഷണി ഉണ്ടായി. എന്നിട്ടും പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.

അതേസമയം പണമിടപാടിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 10 ലക്ഷത്തോളം രൂപ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. അക്കൗണ്ട് വഴി നടന്നത് ചെറിയ പണമിടപാട് മാത്രമാണ്. പണം കൊടുത്തതിനും വാങ്ങിയതിനും കൃത്യമായ തെളിവുകൾ ഇല്ല. ഗൂഗിൾപേ വഴിയെല്ലാം ചെറിയ തുകകൾ മാത്രമേ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളൂ. അതിനാൽ ഏതു മാർഗത്തിലൂടെയാണ് ഇത്ര വലിയ തോതിൽ പണം കൈമാറ്റം നടന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആശ ബെന്നി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് പ്രദീപ് കുമാർ പണം ചോദിച്ച് വീട്ടിൽ ചെന്നിരുന്നുവെന്നും, ഭീഷണി മുഴക്കിയിരുന്നുവെന്നും വീട്ടുകാർ പറയുന്നു. ആരോപണ വിധേയനായ പൊലീസുകാരൻ പ്രദീപ് കുമാർ നേരത്തെ കൈക്കൂലി വാങ്ങിയതിന് നടപടി നേരിട്ടയാളാണെന്നാണ് വിവരം. വരാപ്പുഴ ഉരുട്ടി കൊലക്കേസിൽ കൈക്കൂലി വാങ്ങിയതിനാണ് പ്രദീപ് നടപടി നേരിട്ടത്. 2018ൽ പറവൂർ സി ഐയുടെ ഡ്രൈവറായിരുന്ന പ്രദീപിനെ കൈകൂലി വാങ്ങിയതിന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന്റെ ഭാര്യയുമായിട്ടായിരുന്നു ആശ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഒരു ലക്ഷത്തിന് മാസം പതിനായിരം രൂപയായിരുന്നത്രേ പലിശ. പലിശ നൽകാൻ മറ്റിടങ്ങളിൽനിന്ന് ആശ കടംവാങ്ങിയതായി സൂചനയുണ്ട്. ആശയുടെ വീട്ടിൽ കയറി പലിശക്കാർ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. മരിച്ച ആശയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും, ആശ പലരിൽ നിന്നായി 24 ലക്ഷം രൂപയോളം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു.