തിരുവനന്തപുരം: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി. ആക്ഷൻ കൗൺസിൽ ലീഗൽ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. സുഭാഷ് ചന്ദ്രനാണ് പരാതി നൽകിയത്.

ചൊവ്വാഴ്ച കെഎ പോളിന്റെ എക്സ് അക്കൗണ്ടിൽ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നത്. ഇതു വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ നിമിഷപ്രിയയുടെ പേരിൽ കോടികൾ പിരിച്ചെടുക്കാനുള്ള ശ്രമമാണ് പോൾ നടത്തുന്നതെന്നാണ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ പറയുന്നത്. കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിലേക്ക് എന്ന വ്യാജേന പണം പിരിക്കാൻ ശ്രമിച്ച പോളിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

























