‘കുട്ടിയുടെ പിതൃത്വം ഞാൻ ഏറ്റെടുക്കും’; രാഹുലിന്റെ ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം നേരിടുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ. പെൺകുട്ടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ നടത്തുന്ന ഫോൺ സംഭാഷണം പുറത്തുവന്നു. രാഹുൽ മാങ്കൂട്ടത്തിലുമായുള്ള ബന്ധത്തിൽ ഗർഭിണിയാണെന്ന നിലയിലുള്ള സംഭാഷണമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നു എന്നാണ് സാഹചര്യത്തിൽ നടത്തിയതാണ് സംഭാഷണം എന്നാണ് വിശദീകരണം. അടുപ്പമുണ്ടായിരുന്ന പെൺകുട്ടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത് എന്ന പേരിലാണ് ഫോൺ കോൾ സംഭാഷണം. കുട്ടിയുടെ പിതാവായി ആരെ ചൂണ്ടിക്കാണിക്കും എന്ന നിലയിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. കുട്ടിയുടെ പിതൃത്വം താൻ ഏറ്റെടുക്കും എന്നും രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന പേരിൽ പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറഞ്ഞും, യൂത്ത് കോൺഗ്രസ് നേതാവ് എന്ന നിലയിലും യുവതികളുടെ ആരോപണങ്ങൾ പുറത്തുവരുന്നതിനിടെയാണ് പുതിയ സംഭാഷണം പുറത്തുവരുന്നത്.

ഓഡിയോ സംഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ- ഞാൻ അത് ഏൽക്കുകയും ചെയ്യും എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നിടത്താണ് സംഭാഷണം ആരംഭിക്കുന്നത്. താൻ അത് ഏൽക്കണമെന്ന് പറഞ്ഞില്ലല്ലോ എന്ന് യുവതി മറുപടി നൽകുകയും ചെയ്യുന്നു. പിന്നെ എങ്ങനെയാണ് അത് വളരുന്നേ എന്ന ചോദ്യമാണ് പിന്നീട് രാഹുൽ ഉന്നയിക്കുന്നത്. അത് താൻ അറിയണ്ടതില്ലെന്ന് യുവതിയും പറയുന്നു. പിന്നെ എങ്ങനാടി കൊച്ച് വളരുന്നേ? എന്ന് ആവർത്തിക്കുമ്പോൾ അത് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ… എന്ന് യുവതി മറുപടി നൽകുന്നു.

ആ കൊച്ചിനെ കാണുന്നവരെല്ലാം തന്തയില്ലാത്തവൻ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ. എന്നുള്ള ചോദ്യത്തിന് തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലോട്ട് പൊട്ടി വീഴുമോ? എന്ന മറു ചോദ്യമാണ് യുവതി ഉന്നയിക്കുന്നത്. അപ്പോൾ ആരെ ചൂണ്ടിക്കാണിക്കും നീ? എന്നും അത് ഞാൻ ആ കൊച്ചിനോട് പറഞ്ഞോളാം. മറ്റുള്ളവരോട് പറയേണ്ട ആവശ്യമില്ലെന്നും യുവതി വ്യക്തമാക്കുന്നു. തന്നെ ചൂണ്ടിക്കാണിക്കാനല്ലാതെ ആരെ ചൂണ്ടിക്കാണിക്കാനാണ് എന്നും യുവതി സംഭാഷണത്തിൽ ചോദിക്കുന്നു. അത് അന്നേരം എനിക്ക് ബുദ്ധിമുട്ടാവില്ലേ… എന്നാണ് രാഹുൽ ഇതിനായി നൽകുന്ന മറുപടി. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നടപടികൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരെ എഐസിസിക്ക് നൽകിയ പരാതികൾ കെപിസിസിക്ക് കൈമാറി. പരാതികൾ അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കാൻ കെപിസിസി നേതൃത്വത്തിനോട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി നിർദേശിച്ചതായാണ് വിവരം.