ധർമസ്ഥല കേസ്: തെറ്റായ വിവരങ്ങൾ നൽകിയെന്ന് പൊലീസ്, പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ധർമസ്ഥല: കർണാടകയിലെ ധർമസ്ഥലയിൽ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നൽകിയെന്ന് ആരോപിച്ചാണ് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളി ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകി.

ഈ കാലയളവിൽ ധർമസ്ഥലയിൽ ശൂചീകരണ തൊഴിലാളിയായി ജോലി ചെയ്തയാളാണ് പരാതിക്കാരൻ. ഈ കാലഘട്ടത്തിൽ കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നിർബന്ധിതനായെന്ന് കാണിച്ച് ജൂലൈ മൂന്നിന് പരാതി നൽകി. കണ്ടെടുത്ത അവശിഷ്ടങ്ങൾ ഒരു സ്ത്രീയുടേതാണെന്നാണ് അയാൾ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ടിൽ ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ, കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം അയാൾക്കെതിരെ കേസെടുത്തു. പരാതി നൽകിയതുമുതൽ ഇദ്ദേഹം വിറ്റ്‌നസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് വെള്ളിയാഴ്ച രാത്രിയോടെ ഈ സംരക്ഷണം പിൻവലിച്ചു. ശനിയാഴ്ച അയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.

ധർമ്മസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ ആരോപണത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ 17 വ്യത്യസ്ത സ്ഥലങ്ങളിൽ ഖനനം നടത്തി. ഇതിൽ ആറാം നമ്പർ സ്ഥലത്തുനിന്നും, പതിനൊന്നാം നമ്പർ സ്ഥലത്തിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിൽനിന്നും മാത്രമാണ് അവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്. കർണാടകയിലെ ധർമസ്ഥലയിൽ 2003-ൽ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇൻസൈറ്റ് റഷ് ചാനലിനോട് പറഞ്ഞു.

“ഗിരീഷ് മട്ടന്നവറും ടി. ജയന്തും പറഞ്ഞതുകൊണ്ടാണ് താൻ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധർമസ്ഥലയോടും കർണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താൻ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാൻ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തിൽ നിന്ന് ഒഴിവാക്കണം.”- ഇവർ പറഞ്ഞു.

സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവർ പറയുന്നതെന്നും സഹോദരൻ പറഞ്ഞു. അവർ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വീട് വിട്ട് പോയതാണ്. നാൽപ്പത് വർഷത്തിനിടയിൽ അത്യപൂർവ്വമായി ഞങ്ങളെ സന്ദർശിച്ചിട്ടുണ്ട്. കുടുംബവുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. ഒരു വർഷത്തിന് മുൻപ് വീട്ടിൽ വന്നു. ബെംഗളൂരുവിലാണ് താമസമെന്നും ഇപ്പോൾ കോടീശ്വരിയാണെന്നും പറഞ്ഞു. അപ്പോൾ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആശയക്കുഴപ്പങ്ങൾക്കിടയിൽ, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) സുജാത ഭട്ടിന് നോട്ടീസ് നൽകിയിരുന്നു. ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിൽ ഹാജരാകാനും മകൾ അനന്യ ഭട്ടുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനും എസ്‌ഐടി അവരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.

തന്റെ മകൾ അനന്യ ഭട്ട് മെംഗളൂരുവിലും മണിപ്പാലിലും മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു എന്നാണ് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരിൽ അഡ്മിഷൻ രേഖകൾ നിലവിലില്ലെന്ന് എസ്‌ഐടി കണ്ടെത്തി. പാസ്പോർട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോയല്ലാതെ, അവർ ജീവിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല.