തെറിവിളിയും വധഭീഷണിയുമായി രാഹുൽ മാങ്കൂട്ടത്തിൽ; യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കി കൂടുതൽ ശബ്ദരേഖകൾ പുറത്തുവന്നു. ഗർഭിണിയായ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മർദം ചെലുത്തുന്ന ഫോൺ കോൾ സംഭാഷണമാണ് രാഹുൽ മാങ്കൂട്ടിത്തിന്റേതെന്ന പേരിൽ മാധ്യമങ്ങൾ പുറത്തുവിട്ടത്. യുവതിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ ശബ്ദസന്ദേശം. ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ തന്റെ ജീവിതം തകരുമെന്ന് ആവർത്തിക്കുമ്പോഴും യുവതി സമ്മതിക്കാതെ വരുമ്പോഴാണ് സംഭാഷണത്തിൽ വധഭീഷണി ഉയർത്തുന്നത്. ഗർഭച്ഛിദ്രം നടത്താതിരുന്നാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ബോധമില്ലാത്തതിനാലാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നാണ് രാഹുൽ യുവതിയോട് പറയുന്നത്.

യുവതിയെക്കൊണ്ട് തനിച്ച് അഭിമുഖീകരിക്കാൻ പറ്റുന്നതല്ല വിഷയമെന്നും രാഹുൽ യുവതിയോട് പറയുന്നുണ്ട്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് താൻ സുഹൃത്തുക്കളോട് പോലും പറഞ്ഞിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു. സമാധാനപരമായാണ് സംസാരിച്ചത്. ഞാനൊരു പെണ്ണാണ്, ഇതോണോ തന്റെ ആദർശം എന്നും ശബ്ദ സന്ദേശത്തിൽ യുവതി ചോദിക്കുന്നു. ആദർശം ജീവിതത്തിൽ കൊണ്ടുവരണം. നാട്ടിൽ നിൽക്കാൻ പറ്റാത്തത് കൊണ്ട് മറ്റൊരു സ്ഥലത്താണ് നിൽക്കുന്നത്. എന്നെക്കാൾ പ്രാധാന്യം എന്റെ ജീവിതത്തിൽ വരുന്ന കുഞ്ഞിന് കൊടുക്കുന്നുണ്ട് എന്നും യുവതി സംഭാഷണത്തിനിടെ ആവർത്തിക്കുന്നു. അതേസമയം, ആരോപണങ്ങളും പ്രതിഷേധങ്ങളും ശക്തമാകുമ്പോഴും എംഎൽഎ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. എംഎൽഎ സ്ഥാനം രാജിവെക്കുന്നത് ആലോചനയിലേ ഇല്ലെന്ന് രാഹുൽ വ്യക്തമാക്കി.