ന്യുഡല്‍ഹി: കനത്ത മഴയില്‍ അതിര്‍ത്തിപ്രദേശങ്ങളിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് പാകിസ്താന് മുന്നറിയിപ്പ് നല്കി ഇന്ത്യ. പഞ്ചാബിലെ മധോപൂര്‍, രഞ്ജിത്ത് സാഗര്‍ അണക്കെട്ടുകള്‍ അടിയന്തരമായി തുറക്കേണ്ടിവരുന്ന സാഹചര്യത്തിലാണിത്. ഇന്ത്യ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സത്ലജ്, രവി, ചെനാബ് നദിക്കരകളില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലെ ഒന്നര ലക്ഷത്തോളം ആളുകളെ പാകിസ്താന് ഒഴിപ്പിച്ചു. ഇതിൽ ഏറെയും കര്‍ഷകരാണ്.

രഞ്ജിത്ത് സാഗര്‍ അണക്കെട്ട് നിലവില്‍ തുറന്ന് കഴിഞ്ഞു. മധോപൂര്‍ അണക്കെട്ട് താമസിയാതെ തുറക്കുമെന്നാണ് വിവരം. ആഴ്ചകളായി തുടരുന്ന കനത്ത മഴയും അതിനെ തുടർന്ന് രൂക്ഷമായ വെള്ളപ്പൊക്കവും കാരണം ഇരുരാജ്യങ്ങളും വലയുകയാണ്. അണക്കെട്ടുകള്‍ നിറഞ്ഞതിനാല്‍ തുറന്ന് വിടുകയല്ലാതെ മറ്റ് മാര്‍ഗമില്ല. കനത്ത പ്രളയമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി നില്ക്കുന്ന സാഹചര്യത്തിലും ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നൽകിയത്.


ജമ്മു കശ്മീരിലെ ഒട്ടുമിക്ക നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലും സമാന സ്ഥിതിയാണ്. ഇന്ത്യ രണ്ടാമത് മുന്നറിയിപ്പ് നല്‍കുന്നതിന് മുന്‍പെ തന്നെ തങ്ങള്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചുവെന്നാണ് പാകിസ്താന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. ഏകദേശം 34000 ആളുകള്‍ സ്വമേധയാ ഒഴിഞ്ഞപോയി. ജനങ്ങളെ സഹായിക്കുന്നതിനായി സൈനികരെയും വിന്യസിച്ചിട്ടുണ്ട്.























