തിരുവനന്തപുരം: സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ് നേതാവ്. കോൺഗ്രസ് നേതാവും പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എം. മുനീർ ആണ് ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്.

ലൈംഗിക ആരോപണങ്ങളിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ നേരത്തേ, ഇടത് നേതാക്കൾക്കെതിരെ ഉണ്ടായിട്ടുള്ള ആരോപണങ്ങളെ ഇപ്പോൾ കുത്തിപ്പൊക്കുന്നത്.


ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശബ്ദസന്ദേശങ്ങളും മെസേജുകളുടെ സ്‌ക്രീൻ ഷോട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. പരാതിയുമായി ആരും മുന്നോട്ടുവന്നിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, സമാനമായ ആരോപണങ്ങൾ നേരത്തെ ഇടത് നേതാക്കൾക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും അപ്പോൾ പോലീസ് കേസെടുത്തില്ല എന്നും ആരോപിച്ച് കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവന്നിരിക്കുന്നത്.
സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട സ്വപ്‌ന സുരേഷ്, 2022-ൽ ചാനലുകളിലൂടെ കടകംപള്ളി സുരേന്ദ്രനെതിരെ ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. അദ്ദേഹത്തിൽനിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമമുണ്ടായെന്നും മോശപ്പെട്ട രീതിയിലുള്ള സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമാണ് അന്ന് സ്വപ്‌ന വെളിപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ മുൻ മന്ത്രിക്കെതിരെ കേസെടുക്കണം എന്നാണ് മുനീർ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സമയത്തും കടകംപള്ളിയുടേത് എന്ന തരത്തിൽ അശ്ലീലച്ചുവയോടെ സ്ത്രീകളോട് സംസാരിക്കുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിയായിരുന്ന സമയത്ത് ഓഫീസിലെത്തുന്ന സ്ത്രീകളുടെ ഫോൺനമ്പറുകൾ കൈക്കലാക്കി, പിന്നീട് മോശംരീതിയിൽ അവരെ സമീപിച്ചിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് മുനീർ കത്തിൽ ഉന്നയിക്കുന്നത്.























