കണ്ണൂർ: പഴയങ്ങാടിയിൽ ച്യൂയിങ് ഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടഞ്ഞ പെൺകുട്ടിയെ രക്ഷപ്പെടുത്തി യുവാക്കൾ. കടയിൽ സാധനം വാങ്ങാനെത്തിയ യുവാക്കളുടെ സമയോചിതമായ ഇടപെടലും പ്രഥമശുശ്രൂഷയുമാണ് ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. കുട്ടി ധൈര്യം സംഭരിച്ച് സഹായത്തിനായി നേരിട്ട് തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ടാണ് അവളെ രക്ഷിക്കാൻ സാധിച്ചതെന്ന് യുവാക്കൾ പറയുന്നു.

യുവാക്കൾ പഴയങ്ങാടിയിൽ ഒരു കടയുടെ മുന്നിൽ നിൽക്കുമ്പോഴാണ് സൈക്കിളിൽ എത്തിയ ഒരു പെൺകുട്ടി തൊണ്ടയിൽ എന്തോ കുടുങ്ങിയതായി ആംഗ്യം കാണിച്ച് സഹായം അഭ്യർത്ഥിച്ചത്. ആ സമയത്ത് കുട്ടിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ലെന്നും കണ്ണൊക്കെ വല്ലാതെ ആയതായും യുവാക്കളിലൊരാൾ പറഞ്ഞു. യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ വയറിൽ അമർത്തി പുറത്തേക്ക് തള്ളാൻ ശ്രമിച്ചു. രണ്ടാമത്തെ തവണ വയറിൽ അമർത്തിയപ്പോഴാണ് തൊണ്ടയിൽ കുടുങ്ങിയ ച്യൂയിങ് ഗം പുറത്തേക്ക് തെറിച്ചുവീണത്. അതോടെ കുട്ടിക്ക് ശ്വാസം നേരെ വീഴുകയും അപകട നില തരണം ചെയ്യുകയും ചെയ്തു.


രക്ഷയായത് കുട്ടിയുടെ മനോധൈര്യമാണെന്നും യുവാക്കൾ പറയുന്നു. പേടിച്ച് വീട്ടിലേക്ക് ഓടാതെ, ധൈര്യം സംഭരിച്ച് സഹായത്തിനായി തങ്ങളുടെ അടുത്തേക്ക് വന്നതുകൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് അവർ പറയുന്നു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാക്കളിലൊരാൾക്ക് ആത്മവിശ്വാസം പകർന്നത് യൂട്യൂബിൽ കണ്ടുപരിചയിച്ച പ്രഥമശുശ്രൂഷാ വീഡിയോകളാണ്. അത്തരം വീഡിയോകൾ കണ്ട പരിചയമുള്ളതിനാൽ തനിക്ക് വലിയ പരിഭ്രമം തോന്നിയില്ലെന്നും ശാന്തമായി ഇടപെടാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.























