കുഞ്ഞിന്റെ മുഖത്ത് അങ്കണവാടി ടീച്ചർ അടിച്ച സംഭവം: കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച അങ്കണവാടി ടീച്ചർക്കെതിരെ പൊലീസ് കേസെടുത്തു. സിഡബ്ല്യുസിയുടെ നിർദേശത്തെത്തുടർന്ന് പൊലീസ് ഇന്നലെ രാത്രി ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാവിന്റെ മൊഴിയെടുക്കുകയും ശേഷം ടീച്ചർക്കെതിരെ കേസെടുക്കുകയുമായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മർദന വിവരം കുഞ്ഞിന്റെ വീട്ടുകാർ അറിയുന്നത്.

മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയാണ് കുഞ്ഞിനെ മർദിച്ചത് എന്നായിരുന്നു പരാതി. മൂന്ന് വിരൽപാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. ശേഷം തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നരുവാമൂട് പൊലീസിന്റേതാണ് നടപടി. മർദ്ദനത്തിൽ കുഞ്ഞിന്റെ കർണപുടത്തിൽ തകരാർ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യമടക്കം പരിശോധിച്ചിരുന്നു. എന്നാൽ അത്തരം പ്രശ്‌നങ്ങളില്ലെന്നും അടിയുടെ ആഘാതത്തിലുള്ള വേദനയും നീരുമാണുള്ളതെന്നും കണ്ടെത്തിയിരുന്നു. ആശുപത്രി അധികൃതർ ഇന്നലെത്തന്നെ ബാലാവകാശ കമ്മീഷന് പരാതി കൈമാറിയിരുന്നു. തമ്പാനൂർ പൊലീസിനെയും ആശുപത്രി അധികൃതർ വിവരം അറിയിക്കുകയായിരുന്നു. ടീച്ചർക്കെതിരെ വകുപ്പ്തല നടപടിയുമുണ്ടാകും.