കൊല്ലം: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ മാതാ അമൃതാനന്ദമയി ലോകത്തെ മലയാളത്തിൽ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷവേളയിൽ ആദരവുമായി സംസ്ഥാന സർക്കാർ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിൽ നടന്ന ചടങ്ങിൽ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാനാണ് മാതാ അമൃതാനന്ദമയിയെ ആദരിച്ചത്. ഐക്യരാഷ്ട്രസഭയിലെ പ്രസംഗം ‘അമൃതവർഷം 72’ വേദിയിൽ പുനരവതരിപ്പിച്ചപ്പോൾ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ആയിരങ്ങൾ ഹർഷാരവം മുഴക്കി.

ലോകമാകെ സേവനത്തിന്റെയും സ്നേഹത്തിന്റെയും പ്രകാശം പരത്തുന്ന മാതാ അമൃതാനന്ദമയി കേരളത്തിലെ സംസ്കാരിക മൂല്യങ്ങളാണ് മാതൃഭാഷയിലൂടെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനുമുന്നിൽ തെളിയിക്കാൻ മാതാ അമൃതാനന്ദമയിക്ക് കഴിഞ്ഞു. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവർക്കുള്ള സന്ദേശമാണ് ഇതെന്നും മന്ത്രി പറഞ്ഞു. ഈ പുരസ്കാരം മലയാളഭാഷയ്ക്കുതന്നെ സമർപ്പിക്കുന്നെന്നും മലയാളഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണമെന്നും അമൃതാനന്ദമയി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

























