നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേൽപ്പിച്ചു ; അമ്മ അറസ്റ്റിൽ

ആലപ്പുഴ: കായംകുളത്ത് നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. കുട്ടിയുടെ മുത്തശ്ശി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ദോശക്കല്ലിൽ ഇരുന്നപ്പോൾ പൊള്ളലേറ്റെന്നാണ് അമ്മ പറഞ്ഞിരുന്നത്. എന്നാൽ, സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ ചട്ടുകംകൊണ്ട് പൊള്ളിച്ചതാണെന്ന് പ്രതിയുടെ ഭർതൃമാതാവ് പോലീസിന് മൊഴി നൽകിയത്.

എന്നാൽ, പ്രതിയും ഭർതൃമാതാവും തമ്മിലുള്ള തർക്കത്തെ തുടർന്നാണോ ഇങ്ങനെ മൊഴി നൽകിയതെന്ന് പോലീസ് സംശയിച്ചിരുന്നു. തുടർന്ന് വിശദമായ അന്വേഷണം നടത്തി ശനിയാഴ്ച രാവിലെ കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. നിക്കറിൽ മലമൂത്രവിസർജനം നടത്തിയതിനാണ് കുട്ടിയെ അമ്മ ചട്ടുകംകൊണ്ട് പൊള്ളലേൽപ്പിച്ചതെന്നാണ് വിവരം.