ന്യൂഡൽഹി: പതിനേഴ് വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡൽഹി ശ്രീ ശാരദാനന്ദ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിയവെ ആഗ്രയിൽ നിന്നാണ് ഡൽഹി പൊലീസിന്റെ പ്രത്യേക സംഘം ഇയാളെ പിടികൂടിയത്. പീഡനശ്രമ പരാതിയിലും സാമ്പത്തിക ക്രമക്കേടിലും പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു സ്വയം പ്രഖ്യാപിത ആൾ ദൈവം ചൈതന്യാനന്ദ.

പ്രതിക്കായി ഹരിയാന, രാജസ്ഥാൻ, യുപി, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ തെരയുന്നതിനിടെയാണ് ആഗ്രയിൽ നിന്ന് ഇന്നലെ രാത്രി പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും മൂന്ന് ഫോണുകളും ഐപാഡും പിടികൂടിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെയും ബ്രിക്സിലെയും ഇന്ത്യൻ സർക്കാർ പ്രതിനിധിയെന്ന വ്യാജ വിസിറ്റിംഗ് കാർഡും പൊലീസ് കണ്ടെത്തി. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഓരോ ദിവസവും ഇയാൾ ഒളിവ് സ്ഥലം മാറ്റിയിരുന്നതായും പൊലീസ് വ്യക്തമാക്കി. മഥുര, വൃന്ദാവൻ, ആഗ്ര പ്രദേശങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഇയാൾ ഡയറക്ടറായിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ 17 വിദ്യാർത്ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പീഡനശ്രമത്തിന് കേസെടുത്തത്. ശൃംഗേരി മഠം ട്രസ്റ്റിന്റെ പരാതിയിൽ വഞ്ചനാക്കുറ്റത്തിനും കേസുണ്ട്. സമാന്തര ട്രസ്റ്റ് ഉണ്ടാക്കി 20 കോടി തട്ടിയെന്നാണ് കേസ്. ഈ കേസിൽ വെള്ളിയാഴ്ച ഇയാൾ മുൻകൂർ ജാമ്യാപേക്ഷക്ക് ശ്രമിച്ചിരുന്നെങ്കിലും കോടതി തള്ളി.

























