കരൂരിലേക്ക് പോകാൻ വിജയ്​ക്ക് അനുമതിയില്ല; മരണം 41 ആയി

ചെന്നൈ: ദുരന്തത്തിന് പിന്നാലെ കരൂരിലേക്ക് പോകാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്​ക്ക് അനുമതിയില്ല. ഇന്നലെ രാത്രി വിജയ് പൊലീസുമായി സംസാരിച്ചെങ്കിലും അനുമതി നിഷേധിച്ചു. അറസ്റ്റിന് വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയരുന്നതിനിടെ കനത്ത സുരക്ഷയിൽ വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്. വിജയ്ക്കും ഡിഎംകെ സർക്കാരിനും ഇന്നത്തെ ദിനം നിർണായകമാണ്. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ടി വി കെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പോലീസിന്റെ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ അന്വേഷണവും പുരോഗമിക്കുകയാണ്. ദുരന്തത്തിൽ മരണം 41 ആയി. അതേസമയം, കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ടി.വി.കെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക്ശേഷം 2.15നാണ് ഹർജി പരിഗണിക്കുന്നത്. ദുരന്തത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അത് പുറത്തുകൊണ്ടുവരാൻ സി.ബി.ഐയോ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘമോ വേണമെന്നാണ് ടി.വി.കെയുടെ ആവശ്യം.

ദുരന്തം സംബന്ധിച്ച പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെടാതിരിക്കാനുള്ള നടപടിയും കോടതി എടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ടി.വി.കെയുടെ റാലികൾക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരൂർ സ്വദേശി നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിച്ചേക്കും.