തൃശ്ശൂർ: നെഞ്ചുവേദനയെത്തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ശനിയാഴ്ച രാവിലെ വന്ദേഭാരത് ട്രെയിനിൽ തൃശ്ശൂരിലെത്തിയതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. രജിസ്‌ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായി രാവിലെയാണ് തൃശ്ശൂരെത്തിയത്.

ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെ ജില്ലാ ആശുപത്രിയിൽനിന്ന് ഡോക്ടറെ എത്തിച്ച് പരിശോധിക്കുകയായിരുന്നു. തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില പരിശോധിച്ചുവരികയാണെന്നാണ് മെഡിക്കൽ കോളേജിൽനിന്ന് ലഭിക്കുന്ന വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ പറയുന്നു.

























