ശിരോവസ്ത്രത്തെ ചൊല്ലി തർക്കം; കൊച്ചിയിൽ സ്കൂളിന് പോലീസ് സംരക്ഷണം അ‌നുവദിച്ച് ഹൈക്കോടതി

കൊച്ചി: യൂണിഫോമിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് പോലീസ് സംരക്ഷണം അ‌നുവദിച്ച് ഹൈക്കോടതി. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി സ്കൂൾ അ‌ധികൃതർ നൽകിയ ഹർജിയിലാണ് നടപടി. പ്രശ്നത്തെ തുടർന്ന് സ്കൂൾ രണ്ടു ദിവസമായി അ‌ടച്ചിരിക്കുകയാണ്.

ഒക്ടോബർ ഏഴിന് സ്കൂളിലെ ഒരു വിദ്യാർഥി യൂണിഫോമിൽ അ‌നുവദിക്കാത്ത രീതിയിൽ ശിരോവസ്ത്രം ധരിച്ചുവന്നതാണ് തർക്കത്തിനു കാരണമായത്. ശിരോവസ്ത്രം അ‌നുവദിക്കാനാവില്ലെന്ന് കുട്ടിയുടെ മാതാപിതാക്കളെ അ‌റിയിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും ഇത് തുടരുകയായിരുന്നു. കുട്ടിയുടെ പിതാവ് മറ്റാളുകളെയും കൂട്ടിയെത്തി സ്കൂളിൽ ബഹളമുണ്ടാക്കുകയും ചെയ്തെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു.

ഈ വർഷം അ‌ഡ്മിഷനെടുത്ത കുട്ടിയുടെ മാതാപിതാക്കളോട് യൂണിഫോമിനെ കുറിച്ച് അ‌ന്നേ പറഞ്ഞിരുന്നു. നാലു മാസം കുട്ടി യൂണിഫോം ധരിച്ച് വരികയും ചെയ്തു. പെട്ടെന്നൊരു ദിവസമാണ് കുട്ടി യൂണിഫോമിന് വിരുദ്ധമായി വസ്ത്രം ധരിച്ചെത്തിയത്. അ‌ധ്യാപകരും കുട്ടികളും ഭയപ്പെടുന്ന സാഹചര്യമുണ്ടായതോടെയാണ് കോടതിയെ സമീപിച്ചതെന്നും പ്രിൻസിപ്പൽ പറഞ്ഞു.