കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭക്തർ വഴിപാടായി നൽകിയ സ്വർണത്തിൽ 255.83 ഗ്രാം കുറവ് കണ്ടെത്തിയതായി സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്. 2020-21 വർഷത്തിലെ രജിസ്റ്ററുകൾ സംസ്ഥാന ഓഡിറ്റ് വകുപ്പ് പരിശോധിച്ചപ്പോഴാണ് 255 ഗ്രാം സ്വർണത്തിന്റെ കുറവ് കണ്ടെത്തിയത്.

ഈ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭക്തർ സ്വർണം, വെള്ളി ഉൾപ്പെടെയുള്ള ഉരുപ്പടികൾ വഴിപാടായി നൽകാറുണ്ട്. ഇങ്ങനെ ലഭിക്കുന്ന ആഭരണങ്ങൾ ആദ്യം രജിസ്റ്ററിൽ രേഖപ്പെടുത്തുകയും, അതിനുശേഷം പൊതിഞ്ഞ് സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയുമാണ് പതിവ്. ആകെ 199 സ്വർണ്ണപ്പൊതികളാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്. രജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്ന സ്വർണത്തിന്റെ ആകെ അളവ് 3247.9 ഗ്രാം ആയിരുന്നു. എന്നാൽ, സ്ട്രോങ് റൂമിൽ പരിശോധന നടത്തിയപ്പോൾ 2992.07 ഗ്രാം സ്വർണം മാത്രമാണ് ഉണ്ടായിരുന്നത്.


ഈ കണക്കിലെ വ്യത്യാസം പ്രകാരം, 255.83 ഗ്രാമിന്റെ കുറവാണ് ഓഡിറ്റ് വിഭാഗം സ്ഥിരീകരിച്ചത്. ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദീകരണം നൽകിയിട്ടില്ല. സ്വർണം കാണാതായ സംഭവവുമായി ബന്ധപ്പെട്ട്, റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപ് ഓഡിറ്റ് വിഭാഗം ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയിരുന്നു. ഒരുതരത്തിലുള്ള വിശദീകരണവും ദേവസ്വം ബോർഡ് ഓഡിറ്റ് വിഭാഗത്തിന് നൽകിയിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.























