‘തട്ടമിട്ട എന്നെ കാണുമ്പോൾ ഭയം തോന്നുന്നുണ്ടോ നിങ്ങൾക്ക്…’; നാലാം ക്ലാസുകാരിയുടെ പ്രസംഗം വൈറൽ

തൃശൂർ: ഇരിങ്ങാലക്കുട പൊറത്തശ്ശേരി കാർണിവലിൽ നാലാം ക്ലാസുകാരിയുടെ പ്രസംഗം വൈറലാവുന്നു. മന്ത്രി ആർ ബിന്ദു ഉള്ള വേദിയിലാണ് സദസിനെ ഇളക്കി മറിച്ച പ്രസംഗം നടത്തിയത്. കൊച്ചു പെൺകുട്ടി ആയിഷ നാളത്തെ നമ്മുടെ നവകേരളത്തെ മുന്നിൽ നിന്ന് നയിക്കേണ്ട ഒരാളാണെന്ന് മന്ത്രി പ്രസംഗത്തിന് ശേഷം ചേർത്ത് നിർത്തി പറഞ്ഞു. ഈ തട്ടമിട്ട എന്നെ കാണുമ്പോൾ വല്ല ഭയം തോന്നുന്നുണ്ടോ നിങ്ങൾക്ക്, പേടി തോന്നുന്നുണ്ടോ… ഉണ്ടെങ്കിൽ അതു നമ്മുടെ കാഴ്ചയുടേതല്ല, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ്. തട്ടമിട്ടതിന്റെ പേരിൽ പഠനം നിഷേധിച്ച ആ കൂട്ടുകാരിക്ക് വേണ്ടി ഞാനിത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനിത്രയും നേരം എന്തിനാണ് പ്രസംഗിച്ചത്. വല്ല കാര്യമുണ്ടായിരുന്നോ. അവർക്ക് ഇഷ്ടമുള്ള ഡ്രസ് അവർ ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതങ്ങളെയും കൂടി റെസ്‌പെക്ട് ചെയ്യുക. അത്രമതി ലോകം നന്നായിക്കൊള്ളും, താങ്ക് യു എന്ന് പറഞ്ഞാണ് പ്രസംഗം നിർത്തിയത്.

പ്രസംഗം നിർത്തുമ്പോൾ സദസും വേദിയും നിറഞ്ഞ കയ്യടി നൽകി. ഇവിടെ ഇരിക്കുന്ന നമുക്കെല്ലാവർക്കും വലിയ പ്രചോദനം നൽകുന്ന വാക്കുകളാണ് ആയിഷക്കുട്ടിയുടെതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രസംഗത്തിന്റെ വിഡിയോ മന്ത്രി തന്നെയാണ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.