ആന്ധ്രയിൽ സ്വകാര്യ ബസിന് തീപിടിച്ച് 24 പേർ മരിച്ചു; അപകടത്തിൽപ്പെട്ടത് ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്

ആന്ധ്രാപ്രദേശിൽ വോൾവോ ബസിന് തീപിടിച്ച് വൻ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസിൽ 40 പേരുണ്ടായിരുന്നു. ബസ് പൂർണമായി കത്തി നശിച്ചു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്രയിലെ കുർനൂലിൽ പുലർച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയിൽ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

മുഴുവൻ ഗ്ലാസ് വിൻഡോകളുള്ള എസി ബസാണ് അപകടത്തിൽപ്പെട്ടത്. ജനൽച്ചില്ല് തകർത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാർ രക്ഷപ്പെട്ടതായി കുർനൂൽ എസ്പി വിക്രാന്ത് പാട്ടീൽ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ബസിൽ 40 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരുക്കുകളോടെ പതിനഞ്ചോളം പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പൊലീസ് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. അപകടത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.