ശബരിമല സ്വർണക്കൊള്ള: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. സ്വർണക്കൊള്ള കേസ് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമായതിനിടെയാണ് നിർണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണസംഘം കടന്നിരിക്കുന്നത്.

ദേവസ്വത്തിന്റെ കമ്മീഷണറും പ്രസിഡന്റുമായി പ്രവർത്തിച്ച എൻ വാസുവിനെതിരെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണിൽ നിന്നും ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ശബരിമല ശ്രീകോവിലിന്റെ വാതിൽ ഇടപാടിന്റെ സമയത്ത് ദുരൂഹ ഇ-മെയിൽ സന്ദേശം വന്നപ്പോൾ സ്വർണത്തിന്റെ ഭാരവ്യത്യാസം അന്നത്തെ ദേവസ്വം പ്രസിഡന്റ് റിപ്പോർട്ട് ചെയ്തില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയർന്നിരുന്നത്. ഇക്കാര്യങ്ങളാകും അന്വേഷണസംഘം എൻ വാസുവിനോട് ചോദിച്ചറിയുക.