ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിന് ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎൻഎസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎൻഎസ് 64- എം ( തുടർച്ചയായ ബലാത്സംഗം ), ബിഎൻഎസ് 64- എച്ച് ( ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം), ബിഎൻഎസ് 89 ( നിർബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. ബിഎൻഎസ് 315 ( അതിക്രമം), ബിഎൻഎസ് 115 ( കഠിനമായ ദേഹോപദ്രവം എൽപ്പിക്കൽ ), ഐടി ആക്ട് 63 ഇ ( അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങൾ ചിത്രീകരിക്കുക ), തുടങ്ങിയ വകുപ്പുകളും രാഹുലിനെതിരെ ചേർത്തിട്ടുണ്ട്. വിശ്വാസ വഞ്ചനാക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, അശാസ്ത്രീയമായ ഗർഭച്ഛിദ്രത്തിനു പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.

10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയത്. 2024 മാർച്ച് നാലിന് പരാതിക്കാരിയുടെ ഫ്‌ലാറ്റിൽ വെച്ച് നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും, ദേഹോപദ്രവം എൽപ്പിക്കുകയും ചെയ്തുവെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. 2025 ഏപ്രിലിൽ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റിൽ വെച്ച് ബലാത്സംഗം ചെയ്തു. 2025 മെയ് മാസം അവസാനം രണ്ടു തവണ പാലക്കാട്ടെ ഫ്‌ലാറ്റിൽ വെച്ചും ബലാത്സംഗം ചെയ്തുവെന്നും യുവതി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയമല പൊലീസ് ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഗർഭനിരോധന ഗുളിക നൽകിയ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പൊലീസ് ഇന്നുതന്നെ അപേക്ഷ നൽകും. രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇതിനായി രാഹുലിനെയും സുഹൃത്ത് ജോബിയെയും കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.