‘പരിചയപ്പെട്ടത് വിവാഹബന്ധം ഒഴിഞ്ഞശേഷമെന്ന് യുവതിയുടെ മൊഴി, ഗർഭിണി ആയതിന്റെ ഉത്തരവാദിത്തം ഭർത്താവിനെന്ന് രാഹുൽ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ താൻ പരിചയപ്പെട്ടത് ആദ്യ വിവാഹബന്ധം ഒഴിഞ്ഞ ശേഷമെന്ന് പരാതിക്കാരിയായ യുവതി. 2024 ഓഗസ്റ്റ് 22നാണ് തന്റെ വിവാഹം നടന്നതെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. നാല് ദിവസം മാത്രമാണ് ഒന്നിച്ച് ജീവിച്ചത്. ഒരുമാസത്തിനുള്ളിൽ ഈ ബന്ധം ഒഴിഞ്ഞുവെന്നും യുവതി പറയുന്നു. വിവാഹിതയായിരിക്കെ രാഹുലുമായി ബന്ധമുണ്ടാക്കിയെന്ന തരത്തിലുള്ള ചില പ്രചാരണങ്ങൾക്കിടെയാണ് യുവതിയുടെ മൊഴി. യുവതി വിവാഹിതയാണെന്ന് അറിഞ്ഞാണ് അടുപ്പം തുടങ്ങിയതും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യഹർജിയിൽ സമ്മതിച്ചിട്ടുണ്ട്.

ഭർത്താവ് ഗാർഹികപീഡനത്തിന് ഇരയാക്കുന്നുവെന്നു യുവതി പറഞ്ഞുവെന്നും ഇതേത്തുടർന്നുണ്ടായ അനുകമ്പയാണ് സൗഹൃദമായി വളർന്നതെന്നും രാഹുൽ ഹർജിയിൽ വ്യക്തമാക്കുന്നു. അതേസമയം, യുവതി ഭർത്താവിനൊപ്പമായിരുന്നു താമസമെന്നും ഗർഭിണിയായതിന്റെ ഉത്തരവാദിത്തം ഭർത്താവിനാണെന്നും രാഹുൽ പറഞ്ഞു. നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയിട്ടില്ലെന്നും യുവതി സ്വമേധയാ ആണ് ഗുളിക കഴിച്ചതെന്നുമാണ് രാഹുലിന്റെ വാദം. തന്റെ പ്രതിഛായ നശിപ്പിക്കാൻ വേണ്ടി യുവതി ഫോൺകോളുകൾ റെക്കോർഡ് ചെയ്ത് പുറത്തുവിടുകയായിരുന്നുവെന്നും രാഹുൽ ആരോപിക്കുന്നു.

യുവതിയെ ഗർഭധാരണത്തിനു നിർബന്ധിക്കുന്നതിന്റെയും ഗർഭഛിദ്രത്തിനു വേണ്ടി ആശുപത്രിയിൽ പോകാൻ പ്രേരിപ്പിക്കുന്നതിന്റെയും വിവരങ്ങളാണ് പുറത്തുവന്ന ശബ്ദസന്ദേശങ്ങളിലും ചാറ്റിലും ഉണ്ടായിരുന്നത്. രാഹുൽ ലൈംഗികമായി പീഡിപ്പിച്ച തീയതികൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളാണ് യുവതി പൊലീസിനു നൽകിയ 20 പേജ് മൊഴിയിലുള്ളത്. തിരുവനന്തപുരം തൃക്കണ്ണാപുരത്ത് യുവതി വാടകയ്ക്കു താമസിച്ചിരുന്ന ഫ്ലാറ്റിലും പാലക്കാട്ടുള്ള രാഹുലിന്റെ ഫ്ലാറ്റിലും വച്ചായിരുന്നു പീഡനം. 2025 മാർച്ച് നാലിനും ഏപ്രിൽ 22 നും തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ വച്ചു പീഡിപ്പിച്ചു. മാർച്ച് 17നു ഫ്ലാറ്റിലെത്തിയ രാഹുൽ മൊബൈൽ ഫോണിൽ തന്റെ നഗ്‌ന ദൃശ്യങ്ങളെടുത്തു. ബന്ധത്തെക്കുറിച്ചുള്ള വിവരം പുറത്തു പറഞ്ഞാൽ ജീവിതം നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. ഗർഭിണിയാണെന്നറിഞ്ഞിട്ടും ഏപ്രിൽ 22നു പീഡിപ്പിക്കുകയായിരുന്നു. മേയ് അവസാനം രാഹുലിന്റെ പാലക്കാട്ടുള്ള ഫ്ലാറ്റിൽ വച്ച് 2 തവണ പീഡിപ്പിച്ചു.