ബാർക്ക് റേറ്റിംഗ് തട്ടിപ്പ്; റിപ്പോർട്ടർ ചാനല്‍ ഉടമയ്ക്കെതിരെ കേസെടുത്ത് കളമശേരി പൊലീസ്

കൊച്ചി: വാർത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാർക്ക് ഡേറ്റാ തട്ടിപ്പിൽ റിപ്പോർട്ടർ ടി വി എംഡി ആന്റോ അഗസ്റ്റിനെ രണ്ടാം പ്രതിയാക്കി കളമശ്ശേരി പൊലീസ് കേസെടുത്തു. ബാർക്ക് ജീവനക്കാരൻ പ്രേംനാഥാണ് ഒന്നാംപ്രതി. കൃത്രിമ രേഖ ചമക്കൽ, വഞ്ചനാ കുറ്റം എന്നിവ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ബാർക്ക് ഡേറ്റയിൽ തിരിമറി നടത്തി റിപ്പോർട്ടർ ടിവിയെ മുന്നിലെത്തിക്കാൻ പ്രേംനാഥിന് ആന്റോ അഗസ്റ്റിൻ കോടികൾ കൈമാറിയെന്ന് കണ്ടെത്തിയിരുന്നു. ക്രിപ്റ്റോ കറൻസി വഴിയും ഇടപാടുകൾ നടന്നെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് വിശദ അന്വേഷണം വേണമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട്, വാർത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ആ ചാനൽ ഉടമയും തമ്മിൽ നിരന്തരം ഫോൺവിളികളും വാട്സ് ആപ്പ് ചാറ്റുകളും നടന്നു. ഒന്നാം പ്രതിയായ ബാർക് സീനിയർ മാനേജർ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയിൽ തിരിമറി നടത്തുകയും രണ്ടാം പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമക്ക് ബാർക് മീറ്റർ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറുകയും ചെയ്തു. 2025 ജൂലൈ മുതൽ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ ഉടമയുടെ റേറ്റിംഗ് ഉയർത്തി കാണിച്ചും പരസ്യ കമ്പനികളിൽ നിന്നുള്ള പരസ്യങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാക്കിയെന്നും ഇത് മൂലം പരാതിക്കാരന്റെ ചാനലിന് 15 കോടിയുടെ നഷ്ടമുണ്ടായതായി മൊഴി. കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24 ന്യൂസ് ചാനൽ എംഡിയുമായ ശ്രീകണ്ഠൻ നായർ ബാർക് റേറ്റിംഗിൽ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്റ്റോ കറൻസി വഴി വലിയ തോതിൽ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പു​റമെയാണ് 24 ചാനലിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്.