രാഹുലിനെതിരായ രണ്ടു കേസുകളും ക്രൈംബ്രാഞ്ചിന്; അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്ക്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ കൂടുതൽ പരാതികൾ വന്നാൽ ഒരു സംഘം തന്നെ അന്വേഷണം ഏകോപിപ്പിക്കാൻ വേണ്ടിയാണ് നീക്കം. നിലവിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിച്ചിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ഇതോടെ രാഹുലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളുടെയും അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്കായിരിക്കും. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥ.

രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിന്റെ അന്വേഷണ ചുമതല നേരത്തെ തന്നെ എസ്പി പൂങ്കുഴലിക്കായിരുന്നു. ഈ കേസിലും രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം രാഹുൽ പാലക്കാടെത്തി വോട്ടുചെയ്തിരുന്നു.