അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുല്‍ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പീഡനക്കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു. രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയതിനു ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 16 ദിവസമായി ജയിലില്‍ കിടക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, മറ്റു കേസുകളിൽ അകപ്പെടുവാൻ പാടില്ല, സാക്ഷികളെ സ്വധീനിക്കാൻ പാടില്ല എന്നീ ഉപാധികളോടെയാണ് 16–ാം ദിവസം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, അന്വേഷണവുമായി സഹകരിക്കാത്തതു കാരണമാണ് രണ്ടുതവണ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയതെന്നു പ്രോസിക്യൂഷന്‍ അറിയിച്ചു. കേസിലെ മറ്റൊരു പ്രതിയായ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ ജാമ്യപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്കു മാറ്റിയിട്ടുണ്ട്.