‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസെടുത്ത സർക്കാർ തീരുമാനം മലയാളികൾക്ക് നാണക്കേടുണ്ടാക്കുന്നതാണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്നുവെന്ന് വാദിക്കുന്ന സമയത്താണ് ഇത് നടക്കുന്നത്. ഒരു പാട്ടിനെ പോലും ഉൾക്കൊള്ളാൻ ഒരു ഭരണകൂടത്തിന് കഴിയുന്നില്ല.

അയ്യപ്പന്റെ കട്ടളയും , ദ്വാരപാലക ശിൽപവും കടത്തിയവർക്കാണ് ഈ പാട്ട് കേൾക്കുമ്പോൾ വേദനയുണ്ടാകേണ്ടത്. അല്ലാതെ വിശ്വാസികൾക്ക് വേദനയുണ്ടാകേണ്ട യാതൊരു കാര്യവും ഇല്ലെന്ന് പി സി വിഷ്ണുനാഥ് ട്വന്റി ഫോറിനോട് പറഞ്ഞു. പാരഡി ഗാനത്തിന്റെ രചയിതാവായിട്ടുള്ള കുഞ്ഞബ്ദുള്ളയുടെ സർഗ്ഗപരമായ പ്രതിഷേധമായിരുന്നു അത്. എന്നാൽ അത് പോലുമാണ് ഉൾക്കൊള്ളാൻ കഴിയാതെ കേസെടുക്കുക എന്നുപറഞ്ഞാൽ മലയാളി സമൂഹത്തിന് മൊത്തത്തിൽ നാണക്കേട് ഉണ്ടാകുന്നതാണെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി.


മതവികാരത്തെ വൃണപ്പെടുത്തുന്ന ഒന്നും തന്നെ പാരഡിയിൽ ഇല്ല സ്വർണം മോഷ്ടിച്ചുവെന്ന് പറയുന്നത് സത്യമായ കാര്യമാണ്. അത് ചെയ്തവരാണിപ്പോൾ ജയിലിൽ കിടക്കുന്നത്. ഈ വിഷയം വീണ്ടും വീണ്ടും ജനങ്ങളിലേക്ക് എത്തിച്ച് സർക്കാർ തന്നെ സ്വയം നാണം കേടുകയാണെന്ന് പി സി വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരെയാണ് സൈബർ പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. അയ്യപ്പഭക്തിഗാനത്തെയും ശരണ മന്ത്രത്തെയും അപമാനിച്ചു, മതസ്പർദ്ധയുണ്ടാക്കി സമൂഹത്തെ ഇളക്കി വിടാൻ ശ്രമിച്ചു എന്നതാണ് എഫ്ഐആർ. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.























