വാളയാറിലെ ആൾക്കൂട്ട കൊലപാതകം: കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും, മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട് വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിലാണ് നഷ്ടപരിഹാരം നൽകാൻ തീരുമാനമായതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

“കുടുംബത്തെ സംരക്ഷിക്കാനാണ് രാം നാരായൺ കേരളത്തിലെത്തിയത്. രണ്ട് കുട്ടികളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബം ബാഗേൽ കൊല്ലപ്പെട്ടതോടെ ആശ്രയമില്ലാത്തവരായി. ആ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 30 ലക്ഷം രൂപ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭാര്യയ്ക്കും അമ്മയ്ക്കും അഞ്ച് ലക്ഷം രൂപവീതവും രണ്ട് മക്കൾക്കും പത്തു ലക്ഷം രൂപ വീതവും നൽകും. മക്കൾക്കുള്ള 20 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി നൽകും. അതിന്റെ പലിശ കുട്ടികളുടെ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് മാതാവിന് നൽകാനും തീരുമാനിച്ചു”, മുഖ്യമന്ത്രി പറഞ്ഞു.

“വാളയാറിലെ ഹീനസംഭവത്തിനു പിന്നിലുള്ള മുഴുവൻ ആളുകളേയും നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ കഴിഞ്ഞു. പരമാവധി ശിക്ഷ ഉറപ്പുവരുത്താനുള്ള നിയമപരമായ നടപടിയാണ് സ്വീകരിച്ചുവരുന്നത്. പ്രത്യേകാന്വേഷണ സംഘം കേസ് അന്വേഷിച്ചുവരുന്നു. ഫലപ്രദമായ അന്വേഷണം നടക്കും. അപരവിദ്വേഷത്തിന്റെ ആശയത്തിൽ പ്രചോദിതരായ ഒരുസംഘം ആളുകളാണ് പാലക്കാട് വാളയാറിൽ രാം നാരായണെ കൊലപ്പെടുത്തിയത്. പ്രതികളിൽ ചിലർ ക്രിമിനൽ പശ്ചാത്തലമുള്ളവരും വർഗീയ ചിന്താഗതിയുള്ളവരുമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തി വിജയിപ്പിച്ച ആൾക്കൂട്ട ഹിംസയെ കേരളത്തിലേക്ക് പറിച്ചു നടാൻ ശ്രമിക്കുകയാണ്. ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് കൊല്ലപ്പെട്ട ചെറുപ്പക്കാരനെ ചാപ്പകുത്തുകയും ചെയ്തു. ഇത് ഉത്തരേന്ത്യയിൽ ആയിരുന്നു മുമ്പ് കണ്ടത്. അത്കേരളത്തിലേക്ക് വ്യാപിപ്പിക്കാമെന്നാണ് സംഘപരിവാറിന്‍റെ സ്വപ്നം, മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.