‘ശ്രീലേഖയുടെ ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല, ഓഫിസ് ഒഴിയാൻ പറയാൻ എന്തധികാരം?’; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: വി.കെ.പ്രശാന്ത് എംഎൽഎയുടെ ശാസ്തമംഗലത്തെ ഓഫിസ് ഒഴിപ്പിക്കൽ വിവാദത്തിൽ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍.ശ്രീലേഖയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി.ശിവൻകുട്ടി. എംഎൽഎ ഓഫിസ് ഒഴിയാൻ പറയാൻ എന്ത് അധികരമാണ് ശ്രീലേഖയ്ക്കുള്ളതെന്നു വി.ശിവൻകുട്ടി ചോദിച്ചു. ഒരു കൗൺ‌സിലർക്ക് അത് പറയാൻ അവകാശമില്ല. അധികാരമേറ്റ് മൂന്ന് ദിവസം ആയപ്പോൾ ഗുജറാത്ത്, യുപി മോഡൽ നടപ്പിലാക്കാനാണ് ശ്രമം. ധിക്കാരവും അഹങ്കാരവും വകവച്ചു കൊടുക്കില്ല. ഡിജിപി വിചാരിച്ചാൽ പോലും എംഎൽഎ ഓഫിസ് ഒഴിപ്പിക്കാൻ കഴിയില്ല. പിന്നെയാണോ കൗൺസിലറെന്നും ശിവൻകുട്ടി ചോദിച്ചു.

ശ്രീലേഖയുടെ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ഏഴ് വർഷമായി വട്ടിയൂർക്കാവിലെ ആയിരക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ഒരു ഓഫിസിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ല. ജനപ്രതിനിധിയുടെ ഓഫിസ് എന്നത് കേവലം ഒരു കെട്ടിടമല്ല. അത് ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള ഇടമാണ്. കോർപറേഷൻ നിശ്ചയിച്ച വാടക കൃത്യമായി നൽകി, നിയമപരമായി പ്രവർത്തിക്കുന്ന ഒരു ഓഫിസിനെതിരെയുള്ള നീക്കം സാമാന്യ മര്യാദകളുടെ ലംഘനമാണ്. ഓഫിസ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകേണ്ടത് നഗരസഭാ സെക്രട്ടറിയാണ്. വ്യക്തിവിരോധം തീർക്കാൻ കൗൺസിലർ നേരിട്ട് ഇറങ്ങുന്നതല്ല കീഴ്‌വഴക്കമെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറ‍ഞ്ഞു.