പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ. രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ജാമ്യം ലഭിക്കാതിരിക്കുകയുമായികുന്നു. രാഹുലിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയതിരിക്കുന്നത്. മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കാണ് രാഹുലിനെ മാറ്റുക. പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിന് മുന്നിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കിയത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചേക്കും.

നാളെയാകും അപേക്ഷ നൽകുക. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ രാഹുൽ ആവർത്തിച്ച് ചെയ്തിട്ടുണ്ടെന്നും ഇയാൾ ഹാബിച്വൽ ഒഫന്ററാണ് എന്നുമുൾപ്പെടെ ഗുരുതര പരാമർശമാണ് പൊലീസിന്റെ റിപ്പോർട്ടിലുള്ളത്. അന്വേഷണത്തോട് രാഹുൽ പൂർണമായി സഹകരിക്കുന്നില്ലെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാതെ രാഹുൽ എല്ലാം അഭിഭാഷകൻ പറയുമെന്ന നിലപാടിൽ ഉറച്ചിരിക്കുകയാണ്. പരാതിയിൽ പറയുന്നതുപോലെ ഒരു പീഡനം നടന്നിട്ടില്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നുമാണ് രാഹുലിന്റെ വാദം.


അതീവ രഹസ്യമായാണ് ഇന്ന് പുലർച്ചെയോടെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്തത്. ഉപതിരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ കെപിഎം ഹോട്ടലിൽ വെച്ചാണ് ഒരു വർഷത്തിനിപ്പുറം രാഹുലിനെ പൊലീസ് പിടിച്ചതും. ഷൊർണൂർ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പത്തനംതിട്ട എആർ ക്യാമ്പിലേക്കാണ് എത്തിച്ചത്. പഴുതടച്ച നീക്കത്തിലൂടെ സ്റ്റാഫ് അംഗങ്ങൾ മുറിയിൽ ഇല്ലാത്തപ്പോഴാണ് പൊലീസ് ഹോട്ടലിൽ കയറി രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. യൂണിഫോമിലെത്തിയ പൊലീസ് വനിത പൊലീസ് അടക്കമുള്ള എട്ടംഗ സംഘം എംഎൽഎയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹോട്ടലിൽ എത്തി റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് റൂമിലെത്തിയത്. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം കെപിഎം ഹോട്ടലിൽ ആയിരുന്നു രാഹുലിന്റെ താമസം. രാഹുലിനെതിരെ നിലവിൽ മൂന്ന് ബലാത്സംഗ കേസുകളാണ് ഉള്ളത്. ആദ്യത്തെ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി എംൽഎക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.























