‘ശബരിമലയിലെ സ്വത്ത് സംരക്ഷിക്കാത്തവർ എങ്ങനെ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കും’; അമിത് ഷാ

തിരുവനന്തപുരം: ശബരമല സ്വർണക്കൊള്ള സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കേരള സന്ദർശനത്തിനിടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബിജെപി ജനപ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടവർക്ക് ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ കഴിയില്ല. ശബരിമലയിലെ സ്വർണ്ണ മോഷണം കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, രാജ്യത്തുടനീളമുള്ള ഭക്തരുടെയും ആശങ്കയാണ്. ശബരിമല സ്വർണക്കൊള്ള കേസിലെ എഫ്ഐആർ കണ്ടിരുന്നു. അത് തയ്യാറാക്കിയ രീതി പ്രതികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് വ്യക്തമാണെന്നും അമിത് ഷാ ആരോപിച്ചു.

ശബരിമല കേസിൽ സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുന്ന എൽഡിഎഫുമായി ബന്ധപ്പെട്ട രണ്ട് പേർ സംശയത്തിന്റെ നിഴലിലാണ്. അത്തരം സാഹചര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം എങ്ങനെ സാധ്യമാകും എന്ന ചോദ്യവും അമിത് ഷാ ഉയർത്തി. വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിനും ഒഴിഞ്ഞുമാറാൻ ആകില്ല. കോൺഗ്രസ് നേതാക്കളെ തട്ടിപ്പുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല സ്വർണക്കൊള്ള കേസ് ഒരു നിഷ്പക്ഷ അന്വേഷണ ഏജൻസിയെ ഏൽപ്പിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് തയ്യാറാകണം. വിഷയത്തിൽ ബിജെപി പ്രതിഷേധം ശക്തമാക്കും, വീടു കയറി പ്രചാരണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തൂതീർപ്പ് രാഷ്ട്രീയമാണെന്നും അമിത് ഷാ ആരോപിച്ചു. ‘ലോകമെമ്പാടും കമ്മ്യൂണിസം അവസാനിച്ചപ്പോൾ, ഇന്ത്യയിലുടനീളം കോൺഗ്രസ് അവസാനിച്ചു’ എന്നും അമിത് ഷാ പറഞ്ഞു. ബിജെപി സർക്കാരിന്റെ കീഴിൽ മാത്രമേ കേരളത്തിന്റെ വികസനം സാധ്യമാകൂ. നമ്മുടെ ലക്ഷ്യം ഈ വിജയമല്ല, കേരളത്തിന്റെ വികാസനം കൂടിയാണ്, അതിന് ബിജെപിയുടെ മുഖ്യമന്ത്രി വരണം. അതിലേക്ക് അധികം ദൂരമില്ല. ഇന്ന് സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ബിജെപിയുടെ മേയർ വന്നിരിക്കുന്നു. നാളെ മുഖ്യമന്ത്രിയെയാണ് കാണാൻ പോകുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു.